പുനലൂർ: കനത്ത മഴയിൽ തകർന്ന കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ കുഴിയടപ്പ് നാട്ടുകാർ തടഞ്ഞു. കുഴിയടപ്പിൽ വ്യാപക ക്രമക്കേട് നടത്തുന്നുണ്ടെന്നാരോപിച്ചാണ് ഇടമണിന് സമീപത്തെ വെള്ളിമലയിലെ നിർമ്മാണ ജോലികൾ നാട്ടുകാർ തടഞ്ഞത്. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് ആറ് മാസം കഴിഞ്ഞു. ഇത് കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച മുതൽ റോഡിലെ വലിയ കുഴികൾ അടയ്ക്കുന്ന ജോലികൾ പുനലൂരിൽ നിന്ന് ആരംഭിച്ചിരുന്നു. പാറപ്പൊടി ഉപയോഗിച്ച് അടച്ച കുഴികളിൽ നിന്ന് കനത്ത മഴയിൽ ഇത് ഇളകിമാറിയിട്ടും കുഴി അടപ്പ് തുടർന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. കുഴി അടയ്ക്കുന്നതിനൊപ്പം ഇവിടെ റീ ടാറിംഗ് നടത്താതെ പണി തുടർന്നത് കാരണം മെറ്റൽ ഇളകി മാറി പാതയിലേക്ക് നിരന്നു. എന്നാൽ ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡിൽ റീ ടാറിംഗ് നടത്തി പാത നവീകരിക്കാൻ 42 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതിന്റെ കരാർ നടപടികൾ അന്തിമഘട്ടത്തിലാണ്. ജനുവരിയിൽ പണികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഉടൻ റീടാറിംഗ് നടത്താമെന്ന് ഉറപ്പ് നൽകി: സമരക്കാർ പിൻവാങ്ങി
കുഴിടയച്ചാൽ ഉടൻ റീടാറിംഗ് നടത്തി പാത ഗതാഗത യോഗ്യമാക്കാം എന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സമരക്കാർക്ക് നൽകിയ ഉറപ്പിലാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ, പഞ്ചായത്ത് അംഗം ഗീത സുകുനാഥ്, വിഷ്ണു, പ്രിൻസ്, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ തടഞ്ഞത്.
പാതയുടെ തകർച്ചയ്ക്ക് കാരണം
കെ.എസ്.ആർ.ടി.സി അന്തർ സംസ്ഥാന ബസ് സർവീസ് അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണ് തകർന്ന് തരിപ്പണമായത്. പാതയുടെ അടിയിലൂടെ കടന്ന് പോകുന്ന വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പ് ലൈനുകൾ നിരന്തരം പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നതാണ് പാതയുടെ തകർച്ചയ്ക്ക് മുഖ്യകാരണം. എന്നാൽ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ പോലും കാര്യമായ നിലയിൽ അടച്ച് റീ ടാറിംഗ് നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നിർമ്മാണ പ്രവർത്തനം തടഞ്ഞത്.