കൊല്ലം: ഈ വർഷത്തെ കൊല്ലം റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേള വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷീല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30 മുതൽ കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രമേളയും സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ശാസ്ത്ര മേളയും കൊല്ലം വിമല ഹൃദയ ഹയർസെക്കന്ററി സ്കൂളിൽ ഐ.ടി മേളയും നടക്കും. മേളയുടെ രജിസ്ട്രേഷൻ ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ 23ന് രാവിലെ പത്തിന് ആരംഭിക്കും. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ശാസ്ത്രമേളയ്‌ക്ക് 440 മത്സരാർത്ഥികളും ഗണിതശാസ്ത്രമേളയ്‌ക്ക് 720 മത്സരാർത്ഥികളും സാമൂഹിക ശാസ്ത്രമേളയ്‌ക്ക് 336 മത്സരാർത്ഥികളും മത്സരിക്കും. പങ്കെടുക്കാൻ അർഹത നേടിയവർ പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാക്കണം.
നാളെ രാവിലെ 9ന് കൊല്ലം ഗവ.മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മേള ഉദ്ഘാടനം ചെയ്യും. മേയർ വി.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എൽ.എ മുഖ്യാതിഥിയാകും. 25ന് ഉച്ചയ്‌ക്ക് 3ന് നടക്കുന്ന സമാപന സമ്മേളനം എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അദ്ധ്യക്ഷത വഹിക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഹണി ബഞ്ചമിൻ, കൺവീനർ സക്കറിയ മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.