intercity

കൊല്ലം: തലസ്ഥാന നഗരിയിൽ പഠിക്കുന്ന വിദ്യാത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് കഴിഞ്ഞ മൂന്ന് മാസമായി സമയക്രമം പാലിക്കുന്നില്ല. രാവിലെ 8.28നാണ് ഇന്റർസിറ്റി എക്സ്പ്രസ് മയ്യനാട് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടത്. എന്നാൽ പതിവായി മണിക്കൂറുകളോളം വൈകി ട്രെയിൻ എത്തുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും ജീവനക്കാരുടെ ജോലിയെയും ഉൾപ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്.

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് താരതമ്യേന വേഗത്തിൽ എത്താമെന്നുള്ളത് കൊണ്ട് വാളത്തുംഗൽ, കണ്ണനല്ലൂർ, കൊട്ടിയം ഭാഗങ്ങളിൽ നിന്നടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ഇന്റർസിറ്റിക്കായി മയ്യനാട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ഇക്കാരണത്താൽ മയ്യനാട് സ്റ്റേഷനിലെ പാർക്കിംഗ് ഫീസടക്കമുള്ള വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്.

ഇന്റർസിറ്റി എക്സ്പ്രസ് വൈകുന്ന ദിവസങ്ങളിൽ ആദ്യം വരുന്ന വഞ്ചിനാട്, ജയന്തി ജനത എക്സ്പ്രസുകളിൽ ഏതെങ്കിലുമൊന്നിന് മയ്യനാട് സ്റ്റോപ്പനുവദിക്കണമെന്ന് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. മയ്യനാട് റെയിൽവേ സ്റ്റേഷന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ മന്ത്രി, ജനപ്രതിനിധികൾ, റെയിൽവേ ഡിവിഷൻ അധികൃതർ എന്നിവർക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.