കൊല്ലം: കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുണ്ടറ മേഖലയുടെ ചുമതലയുള്ള റേഷനിംഗ് ഇൻസ്പെക്ടറിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. ഇതേ ഉദ്യോഗസ്ഥൻ അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്നത് വൈകിപ്പിക്കുന്നതായും ഓഫീസ് രേഖകൾ പലതും വീട്ടിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി.
കുണ്ടറ മേഖലയുടെ ചുമതലയുള്ള റേഷനിംഗ് ഇൻസ്പെക്ടർ റേഷൻകടകളിലെത്തി പരിശോധന നടത്തിയശേഷം നിസാര കുറ്റങ്ങൾ പറഞ്ഞ് കൈക്കൂലി വാങ്ങുന്നതായും രജിസ്റ്ററുകളുമായി മാസാദ്യം സപ്ലൈ ഓഫീസിലെത്തുമ്പോൾ 1500 രൂപ വീതം നിർബന്ധപൂർവ്വം വാങ്ങുന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയത്.
ആരോപണ വിധേയനായ റേഷനിംഗ് ഇൻസ്പെക്ടർ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതിനെക്കാൾ അധികമായി കൈവശം വച്ചിരുന്ന 2070 രൂപ പിടിച്ചെടുത്തു. അധികപണം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി റേഷനിംഗ് ഇൻസ്പെക്ടർ നൽകിയില്ല. ബി.പി.എൽ കാർഡാക്കാൻ 2018 ഫെബ്രുവരി 5 മുതൽ ലഭിച്ച 179 അപേക്ഷകൾ സേവനാവകാശ നിയമത്തിന്റെ കാലപരിധി കഴിഞ്ഞിട്ടും തീർപ്പാക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. അപേക്ഷകൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ ഓഫീസിൽ ഉണ്ടായിരുന്നില്ല. രജിസ്റ്റർ എവിടെയെന്ന് ചോദിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു മറുപടി. റേഷൻകടകളിൽ നിന്ന് പിടിച്ചെടുത്ത 15 കാർഡുകളും അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് കണ്ടെടുത്തു.
വിജിലൻസ് ഡിവൈ.എസ്.പി കെ. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ വി.ആർ. രവികുമാർ, എ.എസ്.ഐ മാരായ സുനിൽ, ഫിലിപ്പോസ്, ജോസഫ്, സുരേഷ് കുമാർ, രാജേന്ദ്രൻ നായർ, നെടുമ്പന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എ.പി.എൽ ആക്കേണ്ട കാർഡുകൾ ബി.പി.എൽ ആയി നിലനിർത്തി റേഷൻകടകൾക്ക് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കുന്നുവെന്ന റേഷനിംഗ് ഇൻസ്പെക്ടർക്കെതിരായ ആരോപണം വിശദമായി അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി അശോക് കുമാർ പറഞ്ഞു.