പിടിയിലായത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുമ്പോൾ
എക്സൈസ് സംഘത്തെ കണ്ട് ഒരാൾ ഓടിരക്ഷപ്പെട്ടു
കൊല്ലം: ചാരായം വാറ്റുന്നതിനായി ബാരലിലും കന്നാസിലുമായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 135 ലിറ്റർ കോടയുമായി രണ്ടുപേർ പിടിയിലായി. മുളവന കാഞ്ഞിരക്കോട് ഇടക്കര, തടത്തുവിള തെക്കതിൽ ജോഫി സ്റ്റാലിൻ (26), മുളവന കാഞ്ഞിരക്കോട് ചാലിൽ പൊയ്കവിള വീട്ടിൽ സാന്റോ (61) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ മുളവന കാഞ്ഞിരക്കോട് റെജി നിവാസിൽ റെജി (27) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ആൾപാർപ്പില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ് കാടുകയറിക്കിടക്കുന്ന കുണ്ടറ അലിൻഡ് പരിസരത്താണ് പ്രതികൾ കോട തയ്യാറാക്കിയത്. ഇത് ബാരലുകളിലും കന്നാസുകളിലുമാക്കി പെട്ടിഓട്ടോയിൽ ചാരായം വാറ്റുന്നതിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. അലിൻഡ് പരിസരത്ത് പൊലീസോ എക്സൈസോ എത്തിയാൽ രക്ഷപെടാൻ പ്രയാസമായതിനാലാണ് വാറ്റാനായി മറ്രൊരിടത്തേക്ക് കൊണ്ടുപോകുന്നതെന്ന് പ്രതികൾ എക്സൈസ് സംഘത്തോട് പറഞ്ഞു. വിവാഹം പോലുള്ള ചടങ്ങുകൾക്ക് ചാരായം വാറ്റി എത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിധുകുമാർ, രാജു, ബ്രിജേസ് ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുരാജ്, നഹാസ്, രാഹുൽ രാജ് ബിജുമോൻ, എവേഴ്സൺ ലാസർ, സിദ്ദു, ദിലീപ്, ആഷിക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഖാ ഭാസ്കർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.