pathanapuram
ഇടത്തറ എച്ച്.ബി.എം.എൽ.പി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്

പത്തനാപുരം : ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറിയതോടെ പ്രാണരക്ഷാർത്ഥം ക്യാമ്പുകളിലെത്തിയവർ വീടുകളിലേക്ക് മടങ്ങാനാവാതെ ദുരിതത്തിൽ. മഴയ്ക്ക് ശമനമുണ്ടായെങ്കിലും വീടുകളിലേക്ക് തിരിച്ചു പോകാനാകാത്ത ദുരവസ്ഥയിലാണ് പത്തനാപുരം ഗ്രാമ പഞ്ചായത്തിൽ നെടുംപറമ്പ് വാർഡിലെ തെക്കേക്കര പാണച്ചിറ മേഖലയിലെ 13 കുടുംബങ്ങൾ. ഞായറാഴ്ച്ച ആരംഭിച്ച മഴ തിങ്കളാഴ്ചയും തുടർന്നതോടെ അത്യാവശ്യം സാധനങ്ങളുമായാണ് ഇവർ ക്യാമ്പുകളിൽ അഭയം തേടിയത്. പത്തനാപുരം ടൗണ്‍ വാർഡിലെ കുണ്ടയം ജവഹർ കോളനിയിലെ 17 കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.

വെള്ളം കയറിയ വീടുകളിൽ എത്രയും വേഗം ശുചീകരണം നടത്തും. ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യും

എച്ച്. നജീബ് മുഹമ്മദ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )

പതിനാലുകാരന് പാമ്പ് കടിയേറ്റു

വീടിനുള്ളിൽ കയറവേ വെള്ളത്തിൽ ഒഴുകിയെത്തിയ വിഷപ്പാമ്പിന്റെ കടിയേറ്റ് പാതിരിക്കൽ അമ്പിളി ഭവനിൽ ബാബുവിന്റെ മകൻ ഹരിപ്രസാദിന് (14) പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ഇറങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റത്. ഇതോടെ കൂടുതൽ ഭയപ്പാടിലാണ് നാട്ടുകാർ.

വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മുറികളിൽ പൂർണമായും ചെളിയാണ്. ഇഴ ജന്തുക്കളുടെ ശല്യം ഇവിടെ വ്യാപകമാണ്.

ക്യാമ്പുകളിലുള്ളവരുടെ പരാതി

ശൗചാലയങ്ങളിൽ വെള്ളം നിറഞ്ഞതും കക്കൂസ് മാലിന്യങ്ങൾ കിണറുകളിൽ നിറഞ്ഞതും ദുരിതം ഇരട്ടിപ്പിച്ചു. തെക്കേക്കര ഭാഗത്തുള്ളവർ ഇടത്തറ എച്ച്.ബി.എം.എൽ.പി സ്കൂളിലും കുണ്ടയം ഭാഗത്തുള്ളവർ നടുക്കുന്ന് ഗവൺമെന്റ് എൽ.പി.എസിലുമായാണ് കഴിയുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ സൗകര്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഭക്ഷണം പോലും സമയത്ത് ലഭിക്കുന്നില്ലെന്നും ക്യാമ്പുകളിലുള്ളവർ പരാതി പറയുന്നു. വീട്, കിണർ, കക്കൂസ് പരിസരം എന്നിവ ശുചീകരിക്കാനുള്ള നടപടി വേണമെന്നാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ ആവശ്യം.