കുണ്ടറ: മഴയ്ക്ക് ശമനമുണ്ടായിട്ടും മൺറോതുരുത്തിലെ ജലനിരപ്പ് ഉയരുന്നു. പ്രദേശത്ത് ഇന്നലെ ഒരു വീടുകൂടി തകർന്നു. കിടപ്രം തെക്ക് ചാപ്രായിൽ അഴകേശന്റെ വീടാണ് തകർന്നത്. ഇതോടെ രണ്ട് ദിവസങ്ങൾക്കുള്ളിൽ മൺറോതുരുത്തിൽ തകർന്ന വീടുകളുടെ എണ്ണം മൂന്നായി. മൺറോതുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ഇരുന്നൂറിലധികം വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്.
കല്ലടയാറിലെ ജലനിരപ്പ് ഉയരുന്നതും വേലിയേറ്റം ശക്തി പ്രാപിച്ചതുമാണ് മൺറോതുരുത്തിൽ വെള്ളക്കെട്ട് ഉയരാൻ കാരണം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും തകർന്ന വീടുകളും ഇന്നലെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ റവന്യൂ, ആരോഗ്യം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.