c
മഹാകവി കുമാരനാശാന് സ്മാരകവുമായി കോർപ്പറേഷൻ

കൊല്ലം: ആധുനിക കവിത്രയങ്ങളിൽ അഗ്രഗണ്യനായ മഹാകവി കുമാരനാശാന് കൊല്ലം കോർപ്പറേഷൻ മുൻകൈയെടുത്ത് സ്മാരകം നിർമ്മിക്കാൻ ആലോചന. കൊല്ലത്തെ പൊതുസമൂഹത്തിന്റെ അഭിലാഷത്തിനുസരിച്ച് ഉചിതമായ സ്മാരകം നിർമ്മിക്കാൻ നേരത്തെ കോർപ്പറേഷൻ കൗൺസിൽ തീരുമാനിക്കുകയും പ്രതിമ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു.

ആശാൻ 1924 ജനുവരി 16ന് രാത്രി കൊല്ലത്ത് നിന്നാണ് ബോട്ടിൽ യാത്ര തിരിച്ചത്. ആ യാത്രയിലാണ് പല്ലനയിൽ ബോട്ട് മുങ്ങി അന്ത്യം സംഭവിക്കുന്നത്. അദ്ദേഹം യാത്ര ആരംഭിച്ച കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം സ്മാരകം നിർമ്മിക്കാനായിരുന്നു കോർപ്പറേഷൻ ലക്ഷ്യമിട്ടത്. എന്നാൽ ഇതിനിടെയാണ് കാവ്യകൗമുദി എന്ന സംഘടന ആശാൻ സ്മാരക നിർമ്മാണവുമായി രംഗത്ത് വന്നത്. അവർ സർക്കാരിനെ സമീപിച്ച് ബോട്ട് ജെട്ടിക്ക് സമീപം 8 സെന്റ് സ്ഥലം സ്മാരക നിർമ്മാണത്തിനായി അനുവദിപ്പിച്ചു. പ്രതിമ നിർമ്മാണം അടക്കം 25 ലക്ഷത്തോളം രൂപയെങ്കിലും ഇനി വേണ്ടിവരും. ഇത്രയും തുക കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് സംഘടന ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കാവ്യകൗമുദി ഭാരവാഹികൾ കഴിഞ്ഞ ദിവസം മേയറെ സമീപിച്ച് സ്മാരക നിർമ്മാണത്തിനായി കോർപ്പറേഷൻ വകയിരുത്തിയ 7 ലക്ഷം രൂപ തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടുവെങ്കിലും സ്വകാര്യ സംഘടനയ്ക്ക് സ്മാരക നിർമ്മാണത്തിനായി കോർപ്പറേഷൻ ഫണ്ടനുവദിച്ച് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് മേയർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ തന്നെ സ്മാരകം നിർമ്മിക്കാൻ ആലോചിക്കുന്നത്. ബോട്ട് ജെട്ടിക്ക് സമീപം കോർപ്പറേഷൻ വക സ്ഥലത്ത് ഒരു വർഷത്തിനകം സ്മാരകം നിർമ്മിക്കാൻ കഴിയുമെന്നാണ് മേയർ വി.രാജേന്ദ്രബാബു പറയുന്നത്. കോർപ്പറേഷന് ഫണ്ട് കണ്ടെത്താൻ കഴിയും.

1972 മുതൽ ആലോചന

ആശാന് കൊല്ലത്തിന്റെ മണ്ണിൽ ഉചിതമായ സ്മാരകം നിർമ്മിക്കുകയെന്ന ആലോചനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1972ൽ എൻ. തങ്കപ്പൻ കൊല്ലം മുനിസിപ്പൽ ചെയർമാനായിരിക്കെ ആശാന്റെ ജന്മശതാബ്ദി വർഷത്തിൽ സ്മാരകം ഒരുക്കാൻ ശ്രമം നടത്തിയിരുന്നു. ജില്ലാ കളക്ടറും പൗരപ്രമുഖരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് 3.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്രും തയ്യാറാക്കി. കമ്മിറ്റി ഓഫീസ് തുറന്ന് ധനസമാഹരണം നടത്തിയെങ്കിലും കാര്യങ്ങൾ മുന്നോട്ട് പോയില്ല.

പൊതുസ്മാരകമാകണം: മേയർ

മഹദ് വ്യക്തിയുടെ സ്മാരകം പൊതുസ്മാരകമായി നിലനിൽക്കേണ്ടതാണ്. ഏതെങ്കിലും സ്വകാര്യ സംഘടന നിർമ്മിക്കുന്ന സ്മാരകം ആ സംഘടനയുടെ നിയന്ത്രണത്തിലായിരിക്കും. പൊതുസമൂഹത്തിന് അതിൽ പരിമിതമായ ഇടപെടലിനേ കഴിയുകയുള്ളു. സ്വകാര്യ സംഘടനയ്ക്ക് വേണമെങ്കിൽ കോർപ്പറേഷനുമായി സഹകരിക്കാവുന്നതേയുള്ളു. സ്മാരക നിർമ്മാണവുമായി കോർപ്പറേഷൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.