ചാത്തന്നൂർ: തിരുവനന്തപുരത്ത് നിന്നു മോഷണം പോയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് മോഷ്ടാവിന് പരിക്കേറ്റു. തിരുവനന്തപുരം ചാല കമ്പോളത്തിൽ നിന്നു കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി പോകവേ റോഡ് സൈഡിൽ നിർത്തി ഡ്രൈവർ ചായ കുടിക്കാൻ കയറിയപ്പോൾ മോഷ്ടിച്ച ഓട്ടോയാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ കല്ലുവാതുക്കൽ കുരിശുംമൂടിന് സമീപം അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാർ. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശെന്തിലിനാണ് പരിക്കേറ്റത്. ശെന്തിലിനെ പാരിപ്പളളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.
നെടുമ്പാശ്ശേരി ചെങ്ങമനാട് സ്വദേശികളായ
കാർയാത്രക്കാർക്ക് പരിക്കില്ല
തിരുവനന്തപുരം ഫോർട്ട് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് ചാത്തന്നൂർ സ്റ്റേഷൻ പരിധിയിൽ അപകടം ഉണ്ടായത്. അപകടം നടന്നയുടൻ തന്നെ ഹൈവേ പൊലീസും പരവൂരിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്ത് എത്തി വാഹനങ്ങൾ മാറ്റി റോഡിൽ ഒഴുകിയ ഓയിലും ഡീസലും കഴുകി കളഞ്ഞു.ചാത്തന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.