photo
കുണ്ടറ പോലീസിന്റെ പിടിയിലായ ബൈജേഷ് (18),അതുൽ (20).

കുണ്ടറ: കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ നിന്നു മോഷ്ടിച്ച ബൈക്ക് മണിക്കൂറുകൾക്കുള്ളിൽ സാഹസികമായി പൊലീസ് പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി. ചീരൻകാവ് കാരുവേലിൽ പുത്തൻനട ക്ഷേത്രത്തിന് സമീപം ബൈജിത് ഭവനിൽ ബൈജേഷ് (18), പവിത്രേശ്വരം ചെറുപൊയ്ക നെടിയവിള പടിഞ്ഞാറ്റത്തിൽ അതുൽ (20) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ബൈക്ക് മോഷണം പോയത്. വിവരം അറിഞ്ഞ ഉടൻ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകി.കുണ്ടറ പള്ളിമുക്കിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് കൈകാണിച്ചിട്ടും ഒരു ബൈക്ക് നിറുത്താതെ പോയി. നമ്പർ നോക്കിയപ്പോൾ മോഷണ ബൈക്കാണെന്ന് ബോധ്യമായി.ഉടൻ ആശുപത്രിമുക്കിലും പെരുമ്പുഴയിലും വാഹന പരിശോധന നടത്തിയിരുന്ന കൺട്രോൾ റൂം വാഹനങ്ങളിലേക്ക് സന്ദേശം കൈമാറി.മോഷ്ടാക്കൾ ആശുപത്രിമുക്കിൽ എത്താതെ പള്ളിമുക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപത്തെ കനാൽ റോഡ് വഴി കൊട്ടിയം റോഡിൽ എത്തി.പെരുമ്പുഴയിൽ പൊലീസിനെ വെട്ടിച്ചു കടന്ന മോഷ്ടാക്കൾക്ക് പിന്നാലെ പൊലീസ് പാഞ്ഞു. കുരിപള്ളിയിൽ നിന്നും സെന്റ് ജൂഡ് സ്‌കൂൾ റോഡിൽ ബൈക്ക് ഉപേക്ഷിച്ചു ഓടിയ മോഷ്ടാക്കളെ രാത്രി ഏഴരഓടെ സാഹസികമായി പിടികൂടുകയായിരുന്നു.

മോഷ്ടാക്കളെ കൊട്ടാരക്കര പൊലീസിന് കൈമാറി.

പൊലീസുകാർക്ക്

ഗുഡ് സർവീസ് എൻട്രി

കുണ്ടറ: മോഷണം നടന്ന് മണിക്കുറുകൾക്കകം പ്രതികളെ സാഹസികമായി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് സർവിസ് എൻട്രി. എ.എസ്.ഐ അൻസർ, സി.പി.ഒ ഡോയൽ എഡ്വിഡ്,ഡ്രൈവർ എം.ആർ.ഷിന്റെ എന്നിവർക്കാണ് ഗുഡ് സർവിസ് എൻട്രി നൽകിയത്. രാത്രി എട്ടരയോടെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ മെയിൽ ചെയ്തു നൽകിയ സർട്ടിഫിക്കറ്റ് സി.ഐ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി