കൊട്ടിയം: ചുരിദാർ വില്പനക്കാരനായ അന്യസംസ്ഥാന തൊഴിലാളി അപമാനിക്കാൻ ശ്രമിച്ചെന്നു പരാതി നൽകിയ യുവതിയെ അതേ പ്രതി വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചു. അയത്തിൽ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് ആക്രമണത്തിന് വിധേയയായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കഴുത്തിന് മുറിവേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയ ഇയാൾ പതുങ്ങിയിരുന്ന് മുറിക്കുള്ളിൽ വച്ച് കയറു കൊണ്ടു കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പൊരുതിനിന്ന യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയിൽ നിന്നും ഭർത്താവ് ഓടിയെത്തി ചെറുത്തതോടെ കൊലയാളി ഓടി മറഞ്ഞു.ബന്ധുക്കളും നാട്ടുകാരും പിന്നാലെ പാഞ്ഞ് പിടിക്കാൻ ശ്രമിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇരവിപുരം പൊലീസും ഡോഗ് സ്കോഡും വ്യാപകമായ തെരച്ചിൽ നടത്തി.പൊലീസിന്റെ വൻ സന്നാഹം ഇവരുടെ വീടിന് പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

പാൻസും കോട്ടും ധരിച്ച് വീടുകൾ തോറും കയറി ഇറങ്ങി നടക്കുന്ന ഇയാൾക്കെതിരെ പലർക്കും പരാതിയുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, മറ്റാരും പൊലീസിനെ സമീപിച്ചില്ല. ഒരാഴ്ച മുൻപ് പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ ചുരിദാറുമായി എത്തിയിരുന്നു. ചുരിദാർ വേണ്ടെന്ന് പറഞ്ഞ് മടക്കി. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാൾ വീണ്ടും നാലു ദിവസം മുൻപും എത്തി. ചുരിദാർ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി കടന്ന് പിടിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. യുവതി ബാറ്റിന് അടി കൊടുത്ത് ഓടിച്ചു. അയാളുടെ തലയ്ക്ക് മുറിവ് ഏൽക്കുകയും ചെയ്തിരുന്നു വീടുകൾ തോറും കയറി ഇറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പക്കൽ വേണ്ട തിരിച്ചറിയൽ രേഖകൾ ഉണ്ടോയെന്ന് പൊലീസ് കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.യുവതി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ശക്തമാക്കി.