c
വെള്ളത്തിനടിയിലായ തഴവാ- തൊടിയൂർ പുഞ്ച.

കരുനാഗപ്പള്ളി: തൊടിയൂർ പാലത്തിന് തെക്ക് വശത്തായി മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച തടയണയുടെ അപാകത പരിശോധിക്കാൻ ഇന്ന് ഉന്നത തല ഉദ്യോഗസ്ഥ സംഘം തടയണ നിർമ്മാണ സ്ഥലം സന്ദർശിക്കും. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസേചനത്തിനുമായാണ് തടയണ നിർമ്മിച്ചത്. വേണ്ടത്ര പഠനം നടത്താതെ തടയണ നിർമ്മിച്ചതോടെ പള്ളിക്കലാറിലൂടെയുള്ള ജലമൊഴുക്ക് തടസപ്പെട്ടു. ഇത് പ്രദേശത്തെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. അശാസ്ത്രീയ തടയണ നിർമ്മാണത്തെപ്പറ്റി കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തഴവ - തൊടിയൂർ പുഞ്ചയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. 650 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പുഞ്ച കരുനാഗപ്പള്ളിയുടെ നെല്ലറയാണ്. ഈ മാസം അവസാനത്തോടെയാണ് പുഞ്ചയിൽ കൃഷി ഇറക്കേണ്ടത്. 7 മോട്ടറുകൾ വെച്ച് വെള്ളം വറ്റിച്ച് വേണം കൃഷിയിറക്കാൻ. പള്ളിക്കലാറ്റിൽ തടയണ നിർമ്മിച്ചതോടെ ആറ്റിലൂടെയുള്ള ജലമൊഴുക്ക് കുറഞ്ഞു. പുഞ്ച പൂർണമായും വെള്ളത്തിനടിയിലാണ്. മോട്ടർത്തറയിൽ പമ്പ് വെച്ച് വെള്ളം വറ്റിക്കാൻ കഴിയുന്നില്ല. 150 ഓളം കർഷകരാണ് കൃഷിക്കായി കാത്തിരിക്കുന്നത്. തടയണയുടെ നിർമ്മാണത്തിൽ വന്നിട്ടുള്ള അപാകതകൾ അടിയന്തരമായി പരിഹരിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കണം.

ടി. രഘുനാഥൻ, സെക്രട്ടറി , ഊർജിത നെല്ല് ഉല്പാദക കർഷക സമിതി

ആര്യൻപാടത്ത് വേനൽക്കാലത്ത് കൃഷിയിറക്കുന്നതിനുള്ള ജലസേചനത്തിനായാണ് പള്ളിക്കലാറ്റിൽ തടയണ നിർമ്മിച്ചത്. തടയണ നിർമ്മിച്ചതോടെ ആറ്രിലൂടെയുള്ള ജലമൊഴുക്ക് തടസപ്പെട്ടു. ഇതുമൂലം തൊടിയൂർ തഴവാ വട്ടക്കായലിൽ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ട അധികൃതർ തടയണ നിർമ്മാണത്തിലെ അപാകത അടിയന്തരമായി പരിഹരിക്കണം.

ഷഹനാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ

തടയണയ്ക്ക് വടക്ക് ഭാഗത്ത് 5 അടിയോളം ഉയരത്തിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. വടക്ക് ഭാഗത്ത് കെട്ടി നിൽകുന്ന ജലം ടി.എ കനാൽ വഴി പുഞ്ചയിലേക്ക് കടക്കുന്നതാണ് പുഞ്ചയിൽ വെള്ളം ഉയരാൻ കാരണം. തടയണയിലെ പൊഴിയുടെ വിസ്തൃതി വർദ്ധിപ്പിക്കുകയോ ഷട്ടർ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്താൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും. ഇതോടെ ഈ മാസം തന്നെ കൃഷിയിറക്കാനും കഴിയും.

തമ്പി, കർഷകൻ

തൊടിയൂർ പള്ളിക്കലാറ്റിൽ നിർമ്മിച്ച തടയണയുമായി ബന്ധപ്പെട്ട കർഷകരുടെ പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഹരിത കേരള മിഷൻ ഏക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി.എം. സീമയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേർത്തിരുന്നു. തടയണ നിർമ്മാണവുമായി ബന്ധപ്പെട്ട് കർഷകർ നൽകിയ പരാതി സമിതിയോഗം വിശദമായി പരിശോധിച്ചു. തടയണ നിർമ്മാണത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ ചീഫ് എൻജിനിയറെ യോഗം ചുമതലപ്പെടുത്തി. ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉന്നതല ഉദ്യോഗസ്ഥ സംഘം ഇന്ന് തടയണ സന്ദർശിക്കും. ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുഞ്ചയിൽ കൃഷിയിറക്കുന്നതിനുള്ള സാഹചര്യം എത്രയും വേഗം ഒരുക്കും

ആർ. രാമചന്ദ്രൻ എം.എൽ.എയുടെ വാർത്താ കുറിപ്പ്