chinnakkada

 ഫാസ്റ്റിനും, സൂപ്പർ ഫാസ്റ്റിനും ചിന്നക്കടയിൽ സ്റ്റോപ്പനുവദിക്കണമെന്ന് നഗരസഭ ആവശ്യപ്പെടും

 ചിന്നക്കട എക്സൈസ് കോംപ്ളക്സിന് മുന്നിൽ ഹൈടെക് ബസ് ഷെൽട്ടർ

കൊല്ലം: തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് ചിന്നക്കടയിൽ സ്റ്റോപ്പനുവദിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുമായി നഗരസഭാ അധികൃതർ ഉടൻ ചർച്ച നടത്തും. ചിന്നക്കട എക്സൈസ് കോംപ്ലക്സിന് മുന്നിൽ നഗരസഭ പുതിയ ഹൈടെക് ബസ് ഷെൽട്ടർ നിർമ്മിക്കും. ഇവിടെ സ്റ്റോപ്പനുവദിക്കുകയും ഇതുവഴി റൂട്ട് ക്രമീകരിക്കുകയും ചെയ്യണമെന്ന ആവശ്യമാകും നഗരസഭ മുന്നോട്ട് വയ്ക്കുക.

തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഡിപ്പോവരെയുള്ള സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ചിന്നക്കടയിലെത്തി ഷാ ഹോട്ടലിന് മുന്നിലൂടെ ലിങ്ക് റോഡിലെത്തിയാണ് പോകുന്നത്. എക്സൈസ് ഓഫീസിന് മുന്നിലെ സ്റ്റാൻഡിൽ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കാറുമുണ്ട്. എന്നാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ ദേശീയപാത വഴിയാണ് പോകുന്നത്. ഡിപ്പോയിൽ നിന്ന് യാത്രക്കാരെ കയറ്റിയാൽ റെയിൽവെ സ്റ്റേഷന് മുന്നിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ദൂരയാത്രികർ കൊല്ലം ഡിപ്പോയിലോ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലോ എത്തിയാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ കയറുന്നത്.

കൊല്ലത്തേക്ക് വരുന്ന ബസുകളെ പോലെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബസുകളും ലിങ്ക് റോഡ് വഴി ചിന്നക്കടയിലെത്തി എക്സൈസ് ഓഫീസിന് മുന്നിൽ നിറുത്തി യാത്രക്കാരെ കയറ്റണമെന്ന ആവശ്യമാണ് നഗരസഭ മുന്നോട്ട് വയ്ക്കുന്നത്. കോർപ്പറേഷൻ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടാൽ ചീഫ് ഓഫീസിന്റെ ശ്രദ്ധയിലെത്തിച്ച് തീരുമാനമെടുക്കാമെന്നാണ് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ അധികൃതർ പറയുന്നത്.

'' ചിന്നക്കടയിൽ നിന്ന് യാത്രക്കാരെ കയറ്റാൻ ഹെഡ് പോസ്റ്റാഫീസിന് സമീപത്തെ ബസ് ഷെൽട്ടറിന് എതിർവശത്തെ റെയിൽവെ ഭൂമി ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന് കെ.എസ്.ആർ.ടി.സി കോർപ്പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ലിങ്ക് റോഡ് വഴി ബസുകൾ തിരിച്ചുവിടുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചീഫ് ഓഫീസാണ്. വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഇതുവഴി വരുന്നതിനാൽ സംസ്ഥാന വ്യാപകമായി അറിയിപ്പ് കൊടുക്കേണ്ടതുണ്ട്. നഗരസഭയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യം ചീഫ് ഓഫീസിന്റെ ശ്രദ്ധയിലെത്തിക്കും.''

എസ്. മെഹബൂബ് (ഡി.ടി.ഒ)