വെണ്മയാർന്ന മുല്ലമൊട്ടുപോലുള്ള മനോഹരമായ പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്? പക്ഷെ, നിറഭേദങ്ങൾ പലപ്പോഴും നമ്മെ വേദനിപ്പിക്കാറുണ്ട്. നിറംമങ്ങിയ പല്ലുകൾ ആത്മവിശ്വാസത്തെ ഹനിക്കുന്ന പ്രധാന ഘടകമാണ്. മഞ്ഞയും കറുപ്പുമാണ് പല്ലുകളിൽ സാധാരണ കണ്ടുവരുന്ന നിറവ്യത്യാസങ്ങൾ.
കാപ്പിയും ചായയും പ്രശ്നക്കാർ
കാപ്പി, ചായ, നിറങ്ങളുള്ള പാനീയങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകൾ, പുകയില എന്നിങ്ങനെ പലതും പല്ലിന്റെ നിറം മാറ്റത്തിന് കാരണമാകാറുണ്ട്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിൻ '(TANNIN) പല്ലിന്റെ ബാഹ്യകവചമായ ഇനാമൽ ആഗിരണം ചെയ്യുമ്പോഴാണ് പല്ലുകൾക്ക് നിറവ്യത്യാസം ഉണ്ടാകുന്നത്. പുകയില ഉത്പന്നങ്ങളിലുള്ള കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, അമോണിയ, ടാർ, നിക്കോട്ടിൻ എന്നിവയും പല്ലുകളിൽ നിറംമാറ്റം വരുത്തും. എല്ലാ രൂപത്തിലുള്ള പുകയില ഉത്പന്നങ്ങളും പല്ലുകളിൽ കറയും ദുർഗന്ധവും ഉണ്ടാക്കും. പല്ലിലെ കറ ഭക്ഷണത്തിന്റെ തനത് രുചി അറിയാതിരിക്കാൻ ഇടാക്കുന്നു.
പല്ലുകളിലെ മഞ്ഞ നിറത്തിന് മറ്റൊരു പ്രധാന കാരണം അഴുക്ക് അടിഞ്ഞുകൂടുന്നതാണ്. ഇതിനെ പ്ളാക്ക് (PLAQUE) എന്ന് പറയുന്നു. യഥാസമയം നീക്കിയില്ലെങ്കിൽ ഇതിന് കട്ടികൂടും. മിക്കപ്പോഴും പ്ളാക്കിനെ പല്ലിന്റെ സ്വാഭാവിക മഞ്ഞനിറമായ് തെറ്റിദ്ധരിച്ച് ചികിത്സ ഒഴിവാക്കാറുമുണ്ട്. മോണ പഴുപ്പ്, ദുർഗന്ധം, രക്തസ്രാവം തുടങ്ങിയ പല മോണ രോഗങ്ങൾക്കും പ്ളാക്ക് കാരണമാകാറുണ്ട്. ഒരു ദന്തഡോക്ടറെ സമീപിച്ച് കൃത്യമായ ഇടവേളകളിൽ പല്ല് ക്ളീൻ ചെയ്ത് ഈ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാവുന്നതാണ്.
അമാൽഗം ഫില്ലിംഗുകളും മൗത്ത് വാഷുകളുടെ സ്ഥിരം ഉപയോഗവും പല്ലുകളിൽ നിറവ്യത്യാസം ഉണ്ടാക്കാറുണ്ട്. ഓർക്കുക, മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് പല്ലുകൾ സ്വയം ക്ളീൻ ചെയ്യുന്നത് ഇനാമലിന് ക്ഷതം ഏർക്കാനും മോണ ഇറക്കത്തിനും മോണ മുറിയുന്നതിനുമൊക്കെ കാരണമായേക്കാം.
വീഴ്ചകൊണ്ടും മറ്റ് ക്ഷതങ്ങൾ കൊണ്ടും പാൽ പല്ലുകൾക്കുണ്ടാകുന്ന പൊട്ടലുകൾ മോണ പഴുപ്പിനൊപ്പം പിന്നീട് വരുന്ന സ്ഥിര ദന്തങ്ങളുടെ ആകൃതിയെയും നിറത്തെയും തന്നെ ബാധിക്കാറുണ്ട്. ഗർഭസ്ഥാവസ്ഥയിൽ ചില മരുന്നുകൾ ഉപയോഗിക്കുന്നതും കുടിവെള്ളത്തിലെ ഫ്ളൂറൈഡിന്റെ അമിത സാന്ദ്രതയും കുട്ടികളുടെ പല്ലിന്റെ നിറവ്യത്യാസത്തിന് ഇടയാക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചായ, കാപ്പി, വൈൻ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. ഇവ കഴിച്ചാലുടൻ വായ കഴുകി വൃത്തിയാക്കുക.
ദിവസവും രാവിലെയും ഉറങ്ങുന്നതിന് മുമ്പും പല്ല് തേക്കുക.
വർഷത്തിൽ ഒരു തവണയെങ്കിലും കൃത്യമായ ഇടവേളകളിൽ ദന്തഡോക്ടറെ സമീപിച്ച് പല്ല് ക്ളീൻ ചെയ്യുക.
പല്ലിൽ തനതായ നിറവ്യത്യാസം കണ്ടാൽ കോസ്മെറ്രിക് ചികിത്സ നടത്തുക.
ക്ഷതം മൂലമുണ്ടാകുന്ന നിറവ്യത്യാസത്തിന് റൂട്ട്കനാൽ ചെയ്ത് ക്യാപ്പ് ഇടുക.
ഡോ.ബിൻസി അഫ്സൽ
ജൂനിയർ റസിഡന്റ് ചലഞ്ചർ ലേസർ
സ്പെഷ്യാലിറ്റി ഡെന്റൽ ക്ളിനിക്,
കരുനാഗപ്പള്ളി, ഫോൺ: 8547346615.