c
കൊല്ലം പോർട്ടിലെ പ്രവർത്തിക്കാതിരിക്കുന്ന ഹൈഡ്രോളിക് ക്രയിൻ

കൊല്ലം: ക്രിസ്‌തുവർഷാരംഭത്തിനു മുമ്പേ കടൽമാർഗ്ഗം വൈദേശീയരുമായി വ്യാപാര ബന്ധം പുലർത്തിയിരുന്ന കൊല്ലം തുറമുഖത്ത് ഒരു ചരക്ക് കപ്പൽ അടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞു. കടലെടുത്ത തുറമുഖം നവീകരിച്ച് 2007ൽ ഉദ്ഘാടനം ചെയ്തശേഷം ഒരു യാത്രക്കപ്പൽ പോലും വന്നിട്ടില്ല.

ചരക്ക് - യാത്രാ കപ്പലുകൾ എത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. പക്ഷേ, അവഗണനയുടെ തിരമാലകളാണ് തുറമുഖത്തേക്ക് അടിച്ചുയരുന്നത്.

 വഴിമാറിപ്പോകുന്ന കപ്പലുകൾ

കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്തിന് ആവശ്യമായ തോട്ടണ്ടി കടൽ മാർഗ്ഗം എത്തിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പാളി.

തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളെക്കാൾ കുറഞ്ഞ വാടകയിൽ മികച്ച സൗകര്യങ്ങളോടെ കൊല്ലം തുറമുഖം സജ്ജമാണ്. എന്നാൽ ഇപ്പോഴും കൊല്ലത്തേക്കുള്ള ചരക്ക് എത്തുന്നത് കൊച്ചിയിലും തൂത്തുക്കുടിയിലുമാണ്. മണൽ, തോട്ടണ്ടി, സിമന്റ്, ടൈൽസ് എന്നിവയാണ് മുൻപ് എത്തിയിരുന്നത്. ജില്ലയിലെ സ്വകാര്യ ഫാക്‌ടറി ഉടമകൾ തോട്ടണ്ടിയുടെ ഇറക്കുമതി സജീവമാക്കിയെങ്കിലും വ്യവസായത്തിലുണ്ടായ പ്രതിസന്ധി ചരക്ക് നീക്കത്തെ ബാധിച്ചു. കാഷ്യു കോർപ്പറേഷനും കാപ്പക്‌സിനും വിദേശത്ത് നിന്ന് തോട്ടണ്ടി എത്തിച്ച് നൽകാൻ രൂപീകരിച്ച കാഷ്യു ബോർഡിന് തോട്ടണ്ടി ഇറക്കുമതി കൊല്ലം തുറമുഖം വഴി ആക്കാവുന്നതാണ്.

 ലക്ഷദ്വീപും കൈവിട്ടു

കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് യാത്രക്കപ്പൽ ഓടിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ ഏറെ നടന്നെങ്കിലും നടപ്പായില്ല. മിനിക്കോയിൽ നിന്ന് കൊല്ലത്തേക്ക് 200 നോട്ടിക്കൽ മൈൽ ദൂരമേയുള്ളൂ. എന്നാൽ മിനിക്കോയിൽ നിന്ന് കൊച്ചിയിലെത്താൻ 30 നോട്ടിക്കൽ മൈൽ ദൂരം അധികം താണ്ടണം. യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നതാണ് കൊല്ലത്തിന്റെ നേട്ടം. ലക്ഷദ്വീപ് യാത്രാ കപ്പൽ ആരംഭിക്കാൻ കഴിഞ്ഞാൽ വിനോദ സഞ്ചാര മേഖലയിൽ മാത്രമല്ല, കൊല്ലത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും നേട്ടമുണ്ടാകും. ചികിത്സ, പഠന ആവശ്യങ്ങൾക്കായി ദ്വീപ് വാസികൾ കൊല്ലത്തെത്തും. ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷൻ പ്രതിനിധികൾ മുൻപ് കൊല്ലം തുറമുഖം സന്ദർശിച്ചിരുന്നു.

യാത്രക്കപ്പലിന് പിന്നാലെ ചരക്ക് കപ്പൽ സർവീസ് ആലോചിച്ചെങ്കിലും ചർച്ചകളും തീരുമാനങ്ങളും ചുവപ്പ് നാടകളിൽ കുടുങ്ങി.

 എമിഗ്രേഷൻ ക്ളിയറൻസ് പാളി

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കൊല്ലം പോർട്ടിനെ എമിഗ്രേഷൻ എൻട്രി - എക്‌സിറ്റ് പോയിന്റായി അംഗീകരിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിദേശികൾക്ക് കൊല്ലം പോർട്ടിൽ വന്നിറങ്ങണമെങ്കിൽ എമിഗ്രേഷൻ ക്ലിയറൻസ് സംവിധാനങ്ങൾ പൂർണ്ണ തോതിൽ സജ്ജമാക്കണം. അറ്റകുറ്റപ്പണികൾ ഉൾപ്പെടെ വിവിധ സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രമാണ് ഇപ്പോൾ കപ്പലുകൾ കൊല്ലത്തടുപ്പിക്കുന്നത്.

 രണ്ട് ബർത്തുകൾ, മികച്ച സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളെല്ലാം സജ്ജമാക്കിയ കൊല്ലം പോർട്ടിൽ രണ്ട് ബർത്തുണ്ട്. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാസഞ്ചർ ബർത്തിന് 100 മീറ്റർ നീളമുണ്ട്. ചരക്ക് കപ്പലുകൾക്ക് അടുപ്പിക്കാൻ നിർമ്മിച്ച ബർത്തിന് 179 മീറ്ററാണ് നീളം.

 പാഴാക്കുന്ന സാദ്ധ്യതകൾ

വർഷങ്ങളായി ഉപയോഗിക്കാതെ തുറമുഖത്ത് കിടക്കുന്ന ലീബർ ക്രെയിൻ കോടികൾ മുടക്കിയാണ് വാങ്ങിയത്. കോടികൾ വില വരുന്ന രണ്ട് റീച്ച് സ്‌കാച്ചറും നശിക്കുകയാണ്. ഇലക്ട്രോണിക് ഡേറ്റാ ഇന്റർചേഞ്ച് കോഡ് (ഇ.ഡി.ഐ) ഉള്ളതിനാൽ ഏത് രാജ്യത്ത് നിന്നും ചരക്കുകൾ കൊണ്ടുവരാനും കയറ്റി അയയ്ക്കാനും തുറമുഖത്തിനാകും. എല്ലാ തുറമുഖങ്ങൾക്കും ഇ.ഡി.ഐ സംവിധാനം ഇല്ല. എട്ട് മീറ്റർ ആഴമുള്ള തുറമുഖത്ത് ഒരേ സമയം രണ്ട് കപ്പലുകൾക്കടുക്കാൻ കഴിയുന്ന തരത്തിലാണ് വാർഫുകളുടെ നിർമ്മാണം.

..................................

 സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖങ്ങളുടെ പട്ടികയിൽ

 വാടക ഉൾപ്പെടെ എല്ലാ സൗകര്യങ്ങൾക്കും നിരക്ക് കുറവ്

 അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത്

 ബർത്തിന്റെ ആഴം 8 മീറ്റർ

 പാസഞ്ചർ, ചരക്ക് കപ്പലുകൾക്കായി പ്രത്യേക ബർത്തുകൾ