lottery
ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.


യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്


കൊല്ലം: ലോട്ടറി ടിക്ക​റ്റ് വില 50 രൂപയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും ലോട്ടറി വകുപ്പും പിന്തിരിയണമെന്ന് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ലോട്ടറി വില വർദ്ധിപ്പിക്കാനുള്ള നീക്കം തൊഴിലാളി വിരുദ്ധമാണ്. ലോട്ടറി വി​റ്റ് ഉപജീവനം നടത്തുന്ന സാധാരണ തൊഴിലാളികൾ കഷ്ടത്തിലാണ്. ലോട്ടറി ഓഫീസുകളിലൂടെയുള്ള ടിക്ക​റ്റ് വിതരണം കാര്യക്ഷമമല്ല. ലോട്ടറി മേഖലയിലെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാതെ, ടിക്ക​റ്റ് വിലകൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നത് കതിരിൽ വളം വയ്ക്കുന്ന നടപടിയാണെന്ന് സംസ്ഥാന നേതൃയോഗം ആരോപിച്ചു.

ലോട്ടറി തൊഴിൽ സംരക്ഷിക്കുക എന്ന മുദ്റാവാക്യം ഉയർത്തി യൂണിയന്റെ 7 -ാം സംസ്ഥാന സമ്മേളനം നവംബർ 15, 16 തീയതികളിൽ കൊല്ലത്ത് നടത്താൻ യോഗം തീരുമാനിച്ചു.

യൂണിയൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ ഫിലിപ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന ഭാരവാഹികളായ ടി. എസ്. അൻസാരി, നന്ദിയോട് ബഷീർ, രാജലക്ഷ്മി, ചവറ ഹരീഷ്, പള്ളിമുക്ക് എച്ച്. താജുദീൻ, വിളയത്ത് രാധാകൃഷ്ണൻ, മുനീർബാനു, ശിഹാബുദ്ദീൻ, സലാഹുദീൻ, എം.എസ്.ശ്രീകുമാർ, ചൂളൂർ റഹിം, മണിയാർ ബാബു തുടങ്ങിയവർ സംസാരിച്ചു.