mannu
പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചപ്പോൾ

പത്തനാപുരം: പിറവന്തൂർ ​ കമുകുംചേരി റോഡിൽ ഗുരുമന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അനധികൃതമായി നടത്തിയ മണ്ണെടുപ്പ് മൂലം റോഡിന്റെ പാർശ്വഭിത്തി തകർന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. പുന്നല കരിമ്പാലൂർ വീട്ടിൽ റിയാസ് എന്ന് വിളിപ്പേരുള്ള ഷംസുദ്ദീന്റെ വസ്തുവിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് താണതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പുന്നല സ്വദേശിയായ റിയാസ് നാല് വർഷം മുമ്പാണ് ഗുരുമന്ദിരത്തിന് സമീപം ഭൂമി വാങ്ങിയത്. ഇവിടെ നിന്ന് രാപ്പകൽ വ്യത്യാസമില്ലാതെ ജെ.സി.ബി ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്തുകയായിരുന്നു. മണ്ണ് എടുക്കുന്നതിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്കും മറ്റ് അധികൃതർക്കും പരാതി നല്കിയിരുന്നു. വീടിന്റെ മുറ്റം ശരിയാക്കാനെന്ന വ്യാജേനെ അനുമതി വാങ്ങി നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വീണ്ടും മണ്ണെടുപ്പ് തുടർന്നു. തുടർന്ന് 15 അടി ഉയരത്തിൽ വലിയ ചുറ്റുമതിൽ നിർമ്മിച്ചു. മണ്ണെടുപ്പ് മൂലം ഈ ഭൂമിയോട് ചേർന്നുള്ള പുരാതനമായ കാവും കുളവും നശിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സമീപത്തായുള്ള വെട്ടിനാർ കുഴി വീട്ടിൽ ആനന്ദന്റെ നെൽവയൽ മണ്ണ് നികന്ന് കൃഷിക്ക് സാദ്ധ്യമല്ലാതായെന്നും ആക്ഷേപമുണ്ട്.

എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിനോട് ചേർന്നുള്ള റോഡിന്റെ പാർശ്വഭിത്തി സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.

വി.ജെ. ഹരിലാൽ. (എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ, പത്തനാപുരം)


നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പരിഹാരം കാണണം.

സുരേഷ് ബാബു കമുകുംചേരി(പ്രതികരണവേദി പ്രസിഡന്റ്, കമുകുംചേരി ).

പരാതി നൽകിയിട്ടും...

ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് പച്ചയിൽപ്പടിക്ക് പോകുന്ന നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് റോഡിന് മണ്ണെടുപ്പ് ഭീഷണിയാണെന്ന നാട്ടുകാരുടെ പരാതി അന്ന് അധികൃതർ കാര്യമാക്കിയില്ല. ഇപ്പോൾ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് വീണിട്ടും അധികൃതർ സ്ഥലത്തെത്തിയില്ലന്ന് ആക്ഷേപമുണ്ട്. ബാക്കി ഭാഗവും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. നിറയെ കുട്ടികളുമായി സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് അപകട ഭീഷണിയിലായത്.

വീണ്ടും പരാതി നല്കി

പാർശ്വഭിത്തി നിർമ്മിച്ച് റോഡിനെ സംരക്ഷിക്കണമെന്നാവശ്യപെട്ട് ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം കൃഷ്ണ കുമാരി. എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, സുരേഷ് ബാബു കമുകുംചേരി , രാജീവ് ചേകം എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഒപ്പുകൾ ശേഖരിച്ച് അധികൃതർക്ക് വീണ്ടും പരാതി നല്കി.