v
പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ '

കൊല്ലം: 'ഹേനയെന്നാണാ പെണ്ണിന്റെ നാമം

മേനക തോൽക്കും സൗന്ദര്യധാമം...'

1960 കളിൽ ഈ വരികൾ ഏറ്റുപാടാത്തവരുണ്ടായിരുന്നില്ല. ഈ വരികൾ ഒരുവട്ടം കൂടി കേൾക്കാൻ, ഹേനയുടെ ആർദ്രമായ പ്രണയകഥ കേൾക്കാൻ പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ 'താമസി ' എന്ന കഥ അവതരിപ്പിക്കുന്ന വേദികൾ ആസ്വാദകർ തേടി നടന്ന കാലമുണ്ടായിരുന്നു. ഇന്ന് സിനിമാതാരങ്ങളെ വൽവേൽക്കുന്നതുപോലെ ഹർഷാരവങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെയാണ് കടയ്ക്കോട് വിശ്വംഭരനെ അന്ന് ഒരോ വേദിയിലും എതിരേറ്റിരുന്നത്.

ബംഗാളി സാഹിത്യകാരൻ ജരാസന്ധന്റെ പ്രസിദ്ധമായ താമസി നോവൽ അതേ പേരിൽ തന്നെ കഥാപ്രസംഗമാക്കിയാണ് കടയ്ക്കോട് വിശ്വംഭരൻ മലയാളി മനസുകളെ പ്രായഭേദമില്ലാതെ പ്രണായാർദ്രമാക്കിയത്. കഥാപ്രസംഗ ചരിത്രത്തിലും താമസിക്ക് നിർണായക ഇടമുണ്ട്. കഥാപ്രസംഗമായി മലയാളികൾ കേട്ട ആദ്യ ബംഗാളി സാഹിത്യകൃതിയായിരുന്നു താമസി. സ്റ്റെയിൻ ബക്കറ്റിന്റെ മുത്ത് എന്ന കഥയിലൂടെ അമേരിക്കൻ സാഹിത്യത്തിൽ നിന്നുള്ള ആദ്യ കഥാപ്രസംഗ കൃതി സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു.

താമസിയെപ്പോലെ തന്നെ ബഷീറിന്റെ ബാല്യകാലസഖിയിൽ മജീദും സുഹറയും തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും മറക്കാത്ത പ്രണയബിംബങ്ങളായി മലയാളി മനസുകളിൽ ഉറച്ചതും ആ കൃതികളുടെ വായനയ്ക്കൊപ്പം കടയ്ക്കോട് വിശ്വംഭരന്റെ പ്രണയാർദ്രമായ അവതരണങ്ങളിലൂടെയുമായിരുന്നു. ഒപ്പം ശ്രീനാരായണ ഗുരുസ്വാമി, ദുരവസ്ഥ, ശ്രീ യേശുക്രിസ്തു, യുദ്ധവും സമാധാനവും, മഹാത്മഗാന്ധി തുടങ്ങിയ കഥകളിലൂടെ ആസ്വാദക മനസുകളെ ചിന്തിപ്പിക്കുകയും ചെയ്തു. കെ.കെ. വാദ്ധ്യാരും എം.പി മന്മഥനും കെടാമംഗലം സദാനന്ദനും വി. സാംബശിവനും നിറഞ്ഞുനിന്ന കഥാപ്രസംഗകലയുടെ വസന്തകാലത്താണ് കടയ്ക്കോട് വിശ്വംഭരനും യുവശബ്ദമായി വളരെ വേഗം ആസ്വാദക മനസുകളിൽ നിറഞ്ഞത്. മഹാഭരതവും ബൈബിളും ലളിതമായ വാക്കുകളിലൂടെ അദ്ദേഹം മലയാള മനസുകളിൽ ഉറപ്പിച്ചു.

പതിനയ്യായിരത്തിലേറെ വേദികളിൽ കഥകളവതരിപ്പിച്ച കടയ്ക്കോട് വിശ്വംഭരൻ സംസ്ഥാന സർക്കാരിന്റെ അവാർഡും സംഗീത നാടക അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. ഇരുമ്പനങ്ങാട് കെ.ഇ.പി.എം എച്ച്.എസ്.എസിൽ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം മികച്ച അദ്ധ്യാപകനുള്ള നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. സാംബശിവൻ- ശതാവധാനി, മഹാകാവ്യങ്ങളായ ഭാഷാവൃത്താന്തം, ഭാഷാവൃത്ത രഘുവംശം, ടാഗോറിന്റെ ഗീതാഞ്ജലിയുടെ പരിഭാഷ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ സാഹിത്യരചനകളാണ്.

 കഥാപ്രസംഗത്തിന്റെ കാവലാൾ

തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ കഥാപ്രസംഗം കോഴ്സിന്റെ കോ- ഓർഡിനേറ്ററും പ്രൊഫസറുമായിരുന്നു കടയ്ക്കോട് വിശ്വംഭരൻ.കോളേജിയേറ്റ് എഡ്യൂക്കേഷൻ വകുപ്പ് നടപ്പാക്കുന്ന ഈ കോഴ്സ് നിലിനിർത്തിക്കൊണ്ടുപോകുന്നതിനൊപ്പം കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു അവസാന ദിവസങ്ങളിലും അദ്ദേഹം.