പത്തനാപുരം: കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ വയോധികയെ ഗുരുതര പരിക്കോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേകം പുത്തൻകട വേങ്ങവിളവീട്ടിൽ ശാന്തമ്മയ്ക്കാണ് (68) പരിക്കേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. അയൽവാസിയായ ഷാനവാസിനും കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തു. അതേസമയം, പ്രതി ഷാനവാസും ഭാര്യയും വയോധികയ്ക്കും മകനുമെതിരെ തങ്ങളെ ആക്രമിച്ചെന്നു കാട്ടി പൊലീസിൽ പരാതി കൊടുത്തു.
കാറുകൾ വാടകയ്ക്കു കൊടുക്കുന്ന അയൽവാസികൾ വാഹനങ്ങൾ ശാന്തമ്മയുടെ വീട്ടിലേക്കുള്ള പാതയിലിട്ട് വഴി മുടക്കിയതിനെതിരെ പത്തനാപുരം പൊലീസിൽ പരാതി നല്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വയോധിക പറയുന്നു. വഴിത്തർക്കം സംബന്ധിച്ച് ശാന്തമ്മ പത്തനാപുരം തഹസിൽദാർക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ പകയിൽ മകൻ സാബുവിനെ വാഹനങ്ങൾ അടിച്ചുതകർത്തെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയെന്നും ശാന്തമ്മ പറയുന്നു. തന്നെ ആക്രമിച്ചതിന് ദുർബലവകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തതെന്നും ഉന്നതസമ്മർദ്ദത്തെ തുടർന്ന് മകനെ കേസിൽ കുടുക്കിയെന്നും ആരോപിച്ച് ശാന്തമ്മ റൂറൽ എസ്. പി, കൊട്ടാരക്കര വനിതാ സി.ഐ എന്നിവർക്ക് പരാതി നല്കിയിട്ടുണ്ട്.