അലക്ക്കുഴി കോളനിവാസികൾ മുണ്ടയ്‌ക്കലെ പുതിയ വില്ലകളിൽ
കൊല്ലം: ഭവന രഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.സി.മൊയ്‌തീൻ പറഞ്ഞു. റെയിൽവെ സ്റ്റേഷന് മുന്നിലെ അലക്ക്കുഴി കോളനിവാസികൾക്കായി മുണ്ടയ്‌ക്കലിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. 1.3 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. 56 ഇടങ്ങളിൽ ഭൂരഹിതർക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി.
കുടുംബശ്രീ പ്രവർത്തകർക്ക് കൂടുതൽ തൊഴിൽ പരിശീലനം നൽകും. ഓരോ കുടുംബശ്രീ യൂണിറ്റിനും സഹകരണ വകുപ്പിന്റെ സഹകരണത്തോടെ 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്‌ക്ക് വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മയും കെ. രാജുവും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മേയർ വി.രാജേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ ബി.അബ്‌ദുൽനാസർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ.സത്താർ, പി.ജെ.രാജേന്ദ്രൻ, എസ്.ഗീതാകുമാരി, ചിന്ത.എൽ.സജിത്, വി.എസ്.പ്രിയദർശനൻ, ഷീബ ആന്റണി, ടി.ആർ.സന്തോഷ് കുമാർ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി സജി ഡി.ആനന്ദ്, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജി.ലാലു, കൗൺസിലർമാരായ ഗിരിജാ സുന്ദരൻ, എ.കെ.ഹഫീസ്, റീന സെബാസ്റ്റ്യൻ, നഗരസഭാ സെക്രട്ടറി എ.എസ്.അനുജ, സൂപ്രണ്ടിംഗ് എൻജിനീയർ പി.ജെ.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ടൈൽ പാകണം, കളിസ്ഥലം ഒരുക്കണം
വില്ലകളിലേക്കുള്ള വഴിയിൽ ടൈൽ പാകി മനോഹരമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എ.സി.മൊയ്‌തീൻ നിർദ്ദേശിച്ചു. സ്ഥലമെല്ലാം വീട് വച്ച് തീർക്കരുത്. കുഞ്ഞുങ്ങൾക്ക് കളിക്കാൻ സ്ഥലം മാറ്റിവയ്ക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ആഘോഷമായി പുതിയ വീടുകളിലേക്ക്
കൊല്ലം: ഗൃഹ പ്രവേശന ദിവസത്തെ ആഘോഷമായിരുന്നു മുണ്ടയ്‌ക്കലെ പുതിയ വീടുകളുടെ പരിസരത്ത്. അലക്ക്കുഴി കോളനിയിലെ താമസക്കാർ വളരെ നേരത്തെ തന്നെ തങ്ങളുടെ പുതിയ വീടുകൾക്കടുത്തെത്തി.താക്കോൽ കൈമാറുന്ന ചടങ്ങിന് മുന്നോടിയായി മുണ്ടയ്‌ക്കൽ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ നിന്ന് സമ്മേളന സ്ഥലത്തേക്ക് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര നടന്നു. മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരും ഘോഷയാത്രയിൽ പങ്കാളികളായി. പുതിയ വീടുകളിൽ താമസമാക്കാൻ ആവശ്യമായ സാധനങ്ങൾ പലരും എത്തിച്ചു കഴിഞ്ഞു. മന്ത്രിയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങിയവരെല്ലാം ഇനി പുതിയ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക്.
ഓരോ വീടിനും 10.5 ലക്ഷം
20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 20 വില്ലകളാണ് പൂർത്തിയായത്. 10.5 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമ്മാണ ചെലവ്. നാല് ലക്ഷം സർക്കാരിന്റെ ലൈഫ് പദ്ധതി വിഹിതമാണ്. ശേഷിക്കുന്ന 6.5 ലക്ഷം രൂപ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നെടുത്തു. സംസ്ഥാന കുടുംബശ്രീ മിഷനാണ് നിർമ്മാണ ചുമതല ഏറ്റെടുത്തത്. രണ്ട് കിടപ്പുമുറികൾ, സിറ്റൗട്ട്, അടുക്കള, ഹാൾ, ശുചിമുറി എന്നിവയാണ് വീട്ടിലുള്ളത്. പ്രത്യേക വൈദ്യുതി- കുടിവെള്ള കണക്ഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്.