തൊടിയൂർ: സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തൂലിക പടവാളാക്കിയ പത്രാധിപരായിരുന്നു കെ. സുകുമാരൻ എന്ന് കോൺഗ്രസ് നേതാവും തൊടിയൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റുമായ തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് വഴി നടക്കാനും ക്ഷേത്ര ദർശനം നടത്താനും കഴിയാതിരുന്ന നാടായിരുന്നു നമ്മുടേത്. അവർക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിൽ കേരളകൗമുദി വഹിച്ച പങ്ക് വലുതാണ്. കുട്ടികളിൽ വായനാശീലം വളർത്താനും ദൈനംദിന സംഭവങ്ങൾ മനസിലാക്കാനും ഈ പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ ലീഡർ അമൃത കൃഷ്ണന് പത്രം കൈമാറിക്കൊണ്ട് തൊടിയൂർ രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എച്ച്.എം ഇൻ ചാർജ് ബിന്ദു ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ പദ്ധതി വിശദീകരിച്ചു. ബാങ്ക് സെക്രട്ടറി എസ്.കെ. ശ്രീരംഗൻ, ഭരണ സമിതി അംഗങ്ങളായ അഡ്വ. വിജയനുണ്ണിത്താൻ, ഗിരിജ രാമകൃഷ്ണൻ , ശശിധര പ്രസാദ്, വസന്തകുമാരി, അദ്ധ്യാപകരായ ബിനോജ് കല്പകം,റീത്ത, ചിത്ര, ലിജു, സുജി തുടങ്ങിയവർ പങ്കെടുത്തു. തൊടിയൂർ സർവീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്തത്.