കരുനാഗപ്പള്ളി: ഭൂമിയുടെ ഉപയോഗം പ്രകൃതിക്ക് അനുയോജ്യമായ വിധത്തിലായിരിക്കണമെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടൗണിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസ്വത്തായ ഭൂമിയെ ലാഭക്കൊതിയൻമാർ തുണ്ടു തുണ്ടാക്കിയതാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരാൻ കാരണം. ഭൂവിനിയോഗത്തെ കുറിച്ച് പൊതു സമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുംവിധം നിയമ നിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൗമകേരളം ഭൂവിനിയോഗം കാഴ്ചപ്പാടുകളും പ്രതീക്ഷകളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ വിഷയാവതരണം നടത്തി. കെ.ആർ.ഡി.എസ്.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗ്രേഷ്യസ് മോഡറേറ്റർ ആയിരുന്നു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആർ.സുഭാഷ്, ജി.കെ.പ്രദീപ്, എൻ.കൃഷ്ണകുമാർ, വി.മിനി, എം.റിൽജു, ജി.ഗിരീഷ് കുമാർ, ജഗത് ജീവൻ ലാലി, എ.അജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 10 ന് പുതുമണ്ണേൽ ആഡിറ്റോറിയത്തിൽ നടത്തുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.