കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജും അമേരിക്കയിലെ വിസ്‌കോൺസിൻ പാർക്ക് സൈഡ് സർവകലാശാലയുമായി സഹകരണത്തിന് ധാരണ. ഫാക്കൽറ്റി എക്സ്‌ചേഞ്ച് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു സ്ഥാപനങ്ങളും ധാരണ ഉണ്ടാക്കാൻ തീരുമാനിച്ചു. 'വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ആഗോള വീക്ഷണത്തിൽ' എന്ന സിമ്പോസിയം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ അമേരിക്കയിലെ വിസ്‌കോൺസിൻ പാർക്ക്‌സൈഡ് സർവകലാശാലയുടെ ചാൻസലർ ഡോ. ഡെബോറ എൽ. ഫോർഡ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമൂഹത്തിന്റെ ആവശ്യങ്ങളിൽ പരിഹാരം നിർദ്ദേശിക്കണമെന്ന് അവർ പറഞ്ഞു.
ടി.കെ.എം കോളേജ് ട്രസ്റ്റ് അദ്ധ്യക്ഷൻ ഡോ. ഷഹാൽ ഹസ്സൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രോവൈസ് ചാൻസലർ ഡോ. എസ്. അയൂബ് ആശംസാ പ്രസംഗം നടത്തി. കേരള ഐ. ടി. പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. എം. ശശി, ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുനിൽ ജോസ്, വിസ്‌കോൺസിൻ പാർക്ക് സൈഡ് സർവകലാശാല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബി കുരുവിള എന്നിവർ സംസാരിച്ചു. ടി.കെ.എം. കോളേജ് ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പൽ ഡോ. ടി. എ. ഷാഹുൽ ഹമീദ് സ്വാഗതവും റിസർച്ച് ഡീൻ ഡോ. റെബി റോയ് നന്ദിയും പറഞ്ഞു.