കൊല്ലം: കുണ്ടറ അലിൻഡ് ഫാക്ടറിയുടെ കുടിശ്ശികയായ ഭൂനികുതിയും വൈദ്യുതി ചാർജ്ജും പ്രായോഗികമായി കണക്കെടുത്ത് ഫാക്ടറിയുടെ തുടർ പ്രവർത്തനം ഉറപ്പാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അലിൻഡ് ഫാക്ടറി പ്രതിനിധികളുമായി സെക്രട്ടേറിയറ്റിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭൂനികുതിയായും, പാട്ടം തുകയായും, വൈദ്യുതി ചാർജ്ജ് കുടിശ്ശികയായും വലിയ തുകയാണ് ചുമത്തിയിരിക്കുന്നത്. വർഷങ്ങളായി ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. ഇക്കാലത്തും നികുതി നിരക്കുകളും, വൈദ്യുതി ചാർജ്ജും ഫാക്ടറി പ്രവർത്തിക്കുന്ന അതേ നിരക്കിൽ തന്നെയാണ് കണക്കാക്കിയിരിക്കുന്നത്.
പ്രവർത്തിക്കാത്ത കാലയളവിലെ നികുതികളും വൈദ്യുതി ചാർജ്ജും ഒഴിവാക്കി പ്രവർത്തിക്കുന്ന കാലഘട്ടം മാത്രം കണക്കിലെടുത്ത് കുടിശ്ശിക നിർണ്ണയിക്കുന്ന കാര്യം പരിശോധിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിശ്ശിക തുക തവണകളായി അടയ്ക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ മുഖേന സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ലാൻഡ് റവന്യൂ കമ്മിഷണർ സി.എ. ലത, അലിൻഡ് ഡയറക്ടർ കെ.വി. റാവു, ടെക്നിക്കൽ അഡ്വൈസർ ഒ.സി.ചെറിയാൻ, ഡിവിഷണൽ ചീഫ് എക്സിക്യൂട്ടീവ് ആർ.ശ്രീകുമാർ, കെ.ജയകുമാർ, റ്റി.ബിനു, ബേബി ഓസ്റ്റിൻ, ജെ.ബെൻസി മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.