v
എ.പി.പി.എം സി എച്ച് .എസ്സിലെ കുട്ടികൾ അവതരിപ്പിച്ച സേഫ് ഡാം പ്രൊജക്റ്റ്

കൊല്ലം: അടിയ്ക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കമാണ് 'സേഫ് ഡാം' എന്ന ആശയത്തിലേക്ക് എട്ടാം ക്ലാസ് വിദ്യാർത്ഥി പൂജ പ്രസാദിനെയും പത്താം ക്ലാസ് വിദ്യാർത്ഥി പാർവതി സുരേഷിനെയും എത്തിച്ചത്. ഇന്നലെ കൊല്ലം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ആരംഭിച്ച ജില്ലാ ശാസ്ത്രമേളയിൽ ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസിലെ വിദ്യാർത്ഥികളായ ഇവർ അവതരിപ്പിച്ച 'സേഫ് ഡാം' മാതൃക മേളയിൽ ശ്രദ്ധേയമായി.
ഡാമിൽ നേരിയ ചോർച്ച വന്നാൽ പോലും ഡാം മോണിറ്ററിംഗ് റൂമിലിരുന്ന് അറിയാനാകും. ഏത് ഭാഗത്താണ് ചോർച്ചയെന്ന് മനസിലാക്കാം. ഡാമിലെ ജലനിരപ്പ് നിശ്ചിത പരിധിക്ക് മുകളിലായാൽ അത് കൃത്യമായി രേഖപ്പെടുത്തും. വെള്ളത്തിന്റെ സമ്മർദ്ദം സെൻസർ സംവിധാനത്തിലൂടെ തിരിച്ചറിയാനാവും. അതുവഴിയുള്ള ഭൂമി കുലുക്കം പോലും മുൻകൂട്ടി അറിയാനാകും.

ഡാം തുറന്നു വിടുമ്പോൾ വെള്ളം എത്തുന്ന സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ കൺട്രോൾ റുമിലിരുന്ന് തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാമെന്നും ഇവർ പറയുന്നു.

#പാടത്തെത്തും സോളാർ ട്രാക്ടർ

സൗരോർജ്ജത്തിൽ ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന സോളാർ ഇലക്ട്രാേ ട്രാക്ടറുമായെത്തിയ കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ അക്ഷയ ശാസ്ത്രിയും അമൽ ദാസും മേളയിൽ ശ്രദ്ധേയരായി. സ്കൂളിലെ സീഡ് ക്ലബിൽ നടന്ന പരിപാടിയിൽ കൃഷിയുമായി ബന്ധപ്പെട്ട് ട്രാക്ടർ എത്തിച്ചപ്പോഴാണ് സോളാർ ഇലക്ട്രോ ട്രാക്ടറിന്റെ സാദ്ധ്യത ഇവർ തിരിച്ചറിഞ്ഞത്. ട്രാക്ടറിന്റെ കാതടപ്പിക്കുന്ന ശബ്ദമില്ല. അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വിലയോർത്ത് കർഷകർക്ക് ആശങ്ക വേണ്ട. ഇതൊക്കെയാണ് ഇതിന്റെ മേൻമ.

ട്രാക്ടർ നിർമ്മാണത്തിനാവശ്യമായ കമ്പികളും ടയറുകളും മറ്റും ആക്രിക്കടകളിൽ നിന്നാണ് ശേഖരിച്ചത്. ഒരാൾക്ക് ഇരുന്ന് ഓടിക്കാവുന്ന ട്രാക്ടർ ഒരുതവണ ചാർജ്ജ് ചെയ്താൽ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കും. കളപറിക്കാനും മണ്ണിളക്കാനും കുഴിയെടുക്കാനും ഈ ട്രാക്ടർ മതി. ട്രാക്ടറിന് സാമ്പത്തിക ഭാരം ഉണ്ടാകില്ലെന്ന് കുട്ടികൾ പറയുന്നു. മേളയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ട്രാക്ടർ കാണാൻ നല്ല തിരക്കായിരുന്നു.

ഫയർ ആൻഡ് സേഫ്റ്റി ബാൾ, ഇ - സൈക്കിൾ, ഇന്റലിജന്റ് ഇറിഗേഷൻ സിസ്റ്രം, സൗണ്ട് ഗൺ, ലൈ - ഫൈ, വോയിസ് കൺട്രോൾഡ് സോളാർ കാർ, തുടങ്ങി പലതരം പദ്ധതികളുമായി നിരവധി വിദ്യാർത്ഥികൾ മേളയിൽ അണിനിരന്നു.

കൊല്ലം ഗവ.മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മേള ഉദ്ഘാടനം ചെയ്‌തു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷീല, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്.നൗഷാദ്, പ്രിൻസിപ്പൽ കെ.എൻ.ഗോപകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അഭിതാ കുമാരി തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രമേളയും സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ശാസ്ത്ര മേളയും വിമല ഹൃദയ ഹയർസെക്കന്ററി സ്കൂളിൽ ഐ.ടി മേളയുമാണ് നടക്കുന്നത്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ശാസ്ത്രമേളയ്‌ക്ക് 440 മത്സരാർത്ഥികളും ഗണിതശാസ്ത്രമേളയ്‌ക്ക് 720 മത്സരാർത്ഥികളും സാമൂഹിക ശാസ്ത്രമേളയ്‌ക്ക് 336 മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അദ്ധ്യക്ഷത വഹിക്കും.