പുനലൂർ: ബന്ധുക്കൾ ഉപേക്ഷിച്ച് പുനലൂരിലും സമീപ പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്ന രോഗിയായ വയോധികനെ ഇടമൺ ഗുരുകുലം അഭയകേന്ദ്രം ഏറ്റെടുത്തു. പിറവന്തൂരിന് സമീപത്തെ മുക്കടവ് സ്വദേശി വിജയനെയാണ് (65) ഏറ്റെടുത്തത്. പുനലൂർ ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികനെ മരുന്ന് വാങ്ങാനും ആഹാരത്തിനും വകയില്ലാത്ത അവസ്ഥയിൽ പുനലൂരിലെ ജനമൈത്രി പൊലീസാണ് കണ്ടെത്തിയത്. തുർന്ന് ഇടമൺ ഗുരുകുലം അഭയ കേന്ദ്രം പ്രസിഡന്റ് ഇടമൺ റെജിയെ പൊലീസ് വിവരം അറിയിച്ചു. പ്രസിഡന്റും അഭയകേന്ദ്രം ജനറൽ മാനേജർ രാജൻ മൈത്രേയും പൊലീസ് സ്റ്റേഷനിൽ എത്തി ജനമൈത്രി പൊലീസ് ഇൻസ്പെക്ടർ ഷെറീഫിൽ നിന്നും വയോധികനെ ഏറ്റെടുക്കുകയായിരുന്നു.