paul-crus
ഫാദർ പോൾക്രൂസ്

കൊല്ലം: വൈദികനും പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഫാദർ പോൾക്രൂസ് (84) നിര്യാതനായി. കൊട്ടിയം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ന് രാവിലെ 9 മുതൽ കുടുംബ ഗൃഹമായ കിഴക്കെ കല്ലട കായൽവാരത്ത് വീട്ടിൽ ഭൗതീകദേഹം പൊതുദർശനത്തിന് വയ്ക്കും. മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷ നടക്കും.

ക്രൈസ്തവ പൗരോഹിത്യത്തെ സാധാരണക്കാർക്കിടയിൽ നീണ്ട 57 വർഷക്കാലം സ്നേഹസ്പർശമാക്കിയ അദ്ദേഹം കൊല്ലം, പുനലൂർ രൂപതകളിലെ നിരവധി ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം മതമൈത്രി പ്രചാരണത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. ബിഷപ്പ് ജെറോം സാംസ്‌കാരിക സമിതിയുടെ ഡയറക്ടറും ഫാദർ പോൾക്രൂസ് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റുമാണ്. വിശ്വാസത്തിന്റെ തീരങ്ങൾ തേടി, ചിന്തകളുടെ തീരങ്ങളിൽ എന്നിവ കൃതികളാണ്.
കിഴക്കെ കല്ലട കായൽവാരത്ത് ആന്റണി ക്രൂസിന്റെയും എലിസബത്ത് ക്രൂസിന്റെയും മകനായി 1935 ജൂലൈ 6 നാണ് ജനനം. പൂന പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ലൈസൻസിയേറ്റ് നേടിയ ശേഷം 1962 ആഗസ്റ്റ് 29ന് വൈദികനായി. മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സഹോദരങ്ങൾ: എൽസി ആന്റണി, മേരി ലോറൻസ്, വാട്സ് ക്രൂസ്, പരേതരായ പത്രോസ്, ഹെൻട്രി, അലോഷ്യസ്, പോളികാർപ്പ്, മേരിദാസൻ.