പടിഞ്ഞാറേക്കല്ലട : കല്ലടയാറ്റിൽ നിന്ന് മുണ്ടകപ്പാടത്തേക്ക് വെള്ളം കയറുന്നതിനും ഇറങ്ങുന്നതിനുമായി വർഷങ്ങൾക്ക് മുമ്പ് ഷട്ടറുകളോടുകൂടി നിർമ്മിച്ച വളഞ്ഞ വരമ്പിലെ കലുങ്ക് ഉയരം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് പാതയിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിലെ പാർശ്വഭിത്തികളുടെയും ചെറിയ കലുങ്കുകളുടെയും പണി നിലവിൽ നടന്നു വരുകയാണ്. കിഫ്ബി പദ്ധതിപ്രകാരമുള്ള റോഡ് നവീകരണത്തിൽ ഈ കലുങ്കിന്റെ പുനർനിർമ്മാണം ഉൾപ്പെടുത്തിയിട്ടില്ല എന്നാണറിയുന്നത്. പി.ഡബ്ലിയു.ഡി റോഡിൽ നിർമ്മിച്ചിരിക്കുന്ന കലുങ്ക് മൈനർ ഇറിഗേഷന്റെ പരിധിയിൽ പെട്ടതിനാലാണ് നവീകരണത്തിൽ ഉൾപ്പെടാത്തത്.
സോളാർ പദ്ധതിപ്രദേശത്തേക്കുള്ള എളുപ്പ മാർഗം
വർഷങ്ങൾക്കുമുമ്പ് മുണ്ടകപ്പാടത്ത് നെൽക്കൃഷി സജീവമായിരുന്നു. കേരളത്തിലുണ്ടായ സുനാമിയിൽ ജില്ലയിലെ കടൽത്തീരത്തെ വീടുകൾ പൂർണമായി നശിക്കുകയും അവ പുനർ നിർമ്മിക്കാൻ മണൽ ആവശ്യമായി വരുകയും ചെയ്തു. കല്ലടയാറ്റിലെ മണൽ തികയാതെ വന്നപ്പോൾ നെൽക്കൃഷി ചെയ്തുകൊണ്ടിരുന്ന 200 ഏക്കർ സ്ഥലത്തു നിന്ന് ഭൂഉടമകൾ ചെളിയും മണലും ഖനനം ചെയ്ത് വിറ്റു. ആ സ്ഥലങ്ങൾ ഇപ്പോൾ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. അവിടെയാണ് പടിഞ്ഞാറേ കല്ലടയിലെ സോളാർ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. സോളാർ പദ്ധതി പ്രദേശത്തേക്ക് കല്ലടയാറ്റിൽ നിന്നുള്ള പ്രധാന പ്രവേശന കവാടം കൂടിയാണ് വളഞ്ഞ വരമ്പ് കലുങ്ക്.
സൂക്ഷിക്കുക
കലുങ്കിന്റെ അടിഭാഗത്തുള്ള കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കല്ലടയാറ്റിലെ വെള്ളം ഈ കലുങ്ക് വഴിയാണ് മുണ്ടകപ്പാടത്തേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. വേനൽക്കാലത്ത് ആറ്റിലെ ഉപ്പുവെള്ളം വയലിലേക്ക് കയറാതിരിക്കാൻ ഷട്ടറുകൾ പൂർണമായും അടച്ചിടുകയാണ് പതിവ്.
നിലവിലുള്ള കലുങ്കിന്റെ ഉയരം കൂട്ടി വള്ളങ്ങൾക്കും ചെറു ബോട്ടുകൾക്കും സഞ്ചരിക്കാൻ പറ്റുന്ന തരത്തിൽ പുനർ നിർമ്മിക്കണം
നാട്ടുകാർ