കൊല്ലം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദ്വിദിന മെഗാവായ്പാ മേള കൊല്ലം റെയിൽവേ സ്റ്റേഷനടുത്തുള്ള എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ (സ്റ്റേറ്റ് ബാങ്ക് ഭവൻ) ആരംഭിച്ചു. എസ്. ബി. ഐ. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ പാർത്ഥസാരഥി പത്ര, ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രകാശ്, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സായ് സുബ്രഹ്മണ്യൻ, ലീഡ് ബാങ്ക് മാനേജർ റീന സൂസൻ ചാക്കോ, റീജിയണൽ മാനേജർ ശശീന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
മുദ്റ, നോർക്ക, വിദ്യാഭ്യാസ ഭവനവായ്പകളുടെ വിതരണം ചീഫ് ജനറൽ മാനേജർ നിർവഹിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് മേള.
മുദ്റ സ്റ്റാൻഡപ്പ് ഇന്ത്യ, കാർഷിക, വ്യവസായ, ഭവന, വാഹന, വിദ്യാഭ്യാസ വായ്പകൾ തുടങ്ങി വിവിധ ബാങ്കു വായ്പകൾക്ക് അപേക്ഷിക്കാനും ലഭ്യമാക്കാനും അവസരമുണ്ട്. അനുവദിച്ച വായ്പകൾ കൈപ്പറ്റാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിവിധ ബാങ്കുകളുടെ സ്റ്റാളുകൾ സന്ദർശിച്ച് വായ്പയ്ക്ക് അപേക്ഷിക്കാനും സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങാനും സൗകര്യമുണ്ട്.
മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ്, എ. റ്റി. എം. എന്നിവയെപ്പറ്റി അടുത്തറിയാനും, അക്കൗണ്ടിംഗ്, ജി. എസ്. റ്റി, ആധാർ രേഖകളിൽ തിരുത്തൽ വരുത്താനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മേള ഇന്ന് സമാപിക്കും.