kollam-sea
ഇരവിപുരം കച്ചിക്കടവ് ഭാഗത്തെ തീരദേശ റോഡ് ശക്തമായ കടലാക്രമണത്തിൽ തകർന്ന നിലയിൽ

 തീരദേശ പാതയിൽ ഗതാഗത നിയന്ത്രണം

കൊല്ലം: ജില്ലയുടെ തീരദേശ മേഖലകളിൽ ഇന്നലെ പുലർച്ചെയുണ്ടായ അപ്രതീക്ഷിത കടലാക്രണം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. ഇരവിപുരം,​ കാക്കത്തോപ്പ്,​ ആലപ്പാട്, ചെറിയഴീക്കൽ മേഖലകളിലാണ് ശക്തമായ വേലിയേറ്റത്തെ തുടർന്ന് കടൽ കയറിയത്. പുലർച്ചെ അഞ്ചോടെയാണ് കടൽ കയറി തുടങ്ങിയത്. കൊല്ലം തീരത്തെ പുലിമുട്ടില്ലാത്ത ഭാഗങ്ങളിലാണ് തിരമാലകൾ അടിച്ചുകയറിയത്.

പുലിമുട്ടുള്ള സ്ഥലങ്ങളിൽ നിന്നുള്ള സമ്മർദ്ദം വഴിതിരിഞ്ഞാണ് കടലാക്രമണം ഇരവിപുരം,​ കാക്കത്തോപ്പ് ഭാഗങ്ങളിൽ കേന്ദ്രീകരിച്ചത്. കാക്കത്തോപ്പിൽ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെട്ടതെങ്കിലും താമസക്കാർ കൂടുതൽ ഇല്ലാത്തതിനാൽ നഷ്ടങ്ങളുടെ തോത് ഉയർന്നില്ല. കഴിഞ്ഞ തവണയുണ്ടായ കടലാക്രമണത്തിൽ കൂടുതൽ നാശനഷ്ടം അനുഭവപ്പെട്ട മേഖലയാണിത്. അന്ന് നിരവധി കുടുംബങ്ങൾക്ക് ഇവിടെ കിടപ്പാടം നഷ്ടപ്പെട്ടിരുന്നു. പലരും മറ്റിടങ്ങളിലേക്ക് താമസം മാറ്റി.
തീരദേശ പാതയിലേക്കും തിരമാലകൾ അടിച്ചു കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഇരവിപുരം സി.ഐ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരുമാണ് അടിയന്തര ഇടപെടലുകൾക്ക് നേതൃത്വം നൽകിയത്.

കരുനാഗപ്പള്ളി തീരത്തെ ആലപ്പാട്, ചെറിയഴീക്കൽ തീരങ്ങളിലും തിരമാലകൾ തീരത്തേക്ക് കയറി. കൊല്ലം തീരത്തെ കടൽഭിത്തികളുടെയും പുലിമുട്ടിന്റെയും നിർമ്മാണം വൈകുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കടലാക്രമണം ശക്തമാകുന്ന ഘട്ടത്തിൽ കൂറ്റൻ പാറകൾ കൊണ്ടിട്ട് താത്കാലിക സംരക്ഷണം ഒരുക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ അതെല്ലാം തിരമാലകൾ കവരുന്നതാണ് പതിവ്. തീരദേശത്തെ ജനങ്ങൾക്ക് സുരക്ഷ നൽകാൻ പുലിമുട്ടുകളുടെ നിർമ്മാണം വൈകിക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം. പുലിമുട്ടുകൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ കൊല്ലം തീരത്ത് ശേഷിക്കുന്ന തീരദേശപാതയും വീടുകളും കടലെടുക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്.