കരിക്കോട് എൻ.എസ്.എസ് സ്കൂൾ വിദ്യാർത്ഥികളെത്തി
കുണ്ടറ: കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ പഴങ്ങാലം എൽ.പി സ്കൂളിനെ കൈപിടിച്ചുയർത്താൻ കരിക്കോട് എൻ.എസ്.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെത്തി. സ്കൂളിന്റെ വികസനം ലക്ഷ്യമിട്ട് കെ.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റി ഏറ്റെടുത്തതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ക്ളാസ് ഏർപ്പെടുത്തിയത്. കൈറ്റിന്റെ സഹകരണത്തോടെ കരിക്കോട് സ്കൂളിലെ വിദ്യാർത്ഥികൾ എല്ലാമാസവും ഇവിടെയെത്തി കുട്ടികൾക്കായി ഐ.ടി ക്ലാസുകൾ നടത്തും.
പരിപാടി കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി.കെ. ആദർശ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ ജെ. മാധവൻപിള്ള, ഹെഡ്മിസ്ട്രസ് ശശികല, കൈറ്റ് മാസ്റ്റർ സുനീർ, ആർ. തുളസി, സുനിൽകുമാർ, ശ്രീരാജ്, സുരേഷ് എന്നിവർ സംസാരിച്ചു. കരിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ സഞ്ജയ്, അഭിരാജ്, ലോഹിക്, നന്ദന രഞ്ജിത്ത് എന്നിവരാണ് കമ്പ്യൂട്ടർ അധിഷ്ഠിത ക്ളാസുകൾ നയിച്ചത്.