കൊല്ലം: സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ സി.ബി.എസ്.ഇ കലോത്സവം കാവനാട് ലേക്ക്ഫോർഡ് സ്‌കൂളിൽ ആരംഭിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്‌തു.
സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.അമൃത്‌ലാൽ അദ്ധ്യക്ഷനായിരുന്നു. ശ്യാമള ലാൽ, ഡോ.വി.കെ.ജയകുമാർ, ഡോ.ഡി.പൊന്നച്ചൻ, പി.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
അഞ്ചു വിഭാഗങ്ങളിലായി 144 ഇനങ്ങളിലാണ് മത്സരങ്ങൾ. മൂവായിരത്തിലേറെ കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 11 വേദികളിലായി നടക്കുന്ന കലോത്സവം നാളെ സമാപിക്കും. വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, എൻ.വിജയൻപിള്ള എന്നിവർ പങ്കെടുക്കും.
സംസ്ഥാന കലോത്സവം നവംബർ 14 മുതൽ 19 വരെ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിൽ നടക്കും.1400 സ്‌കൂളുകളിൽ നിന്ന് പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.
കാവനാട് ലേക്ക്ഫോർഡ് സ്‌കൂൾ മുന്നിൽ
ആദ്യ ദിനത്തിൽ ആതിഥേയരായ കാവനാട് ലേക്ക്ഫോർഡ് സ്‌കൂളാണ് 330 പോയിന്റുകളോടെ മുന്നേറ്റം നടത്തിയത്.
256 പോയിന്റ് നേടി കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ രണ്ടാം സ്ഥാനത്തും 238 പോയിന്റ് നേടി കരുനാഗപ്പള്ളി സെന്റ്. ഗ്രിഗോറിയസ് സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനത്തും മുന്നേറ്റം തുടരുന്നു. 37 മത്സര ഇനങ്ങളാണ് ഇന്നലെ പൂർത്തിയായത്.