rice
പിടികൂടിയ റേഷൻ ഭക്ഷ്യധാന്യം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ

കൊല്ലം: മിനിലോറിയിൽ അനധികൃതമായി കടത്തിക്കൊണ്ടുപോയ 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യം പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിന്തുടർന്ന പൊലീസ് ലക്ഷ്മിനടയിൽ വച്ചാണ് പിടികൂടിയത്. ഡ്രൈവർ മൂവാറ്റുപുഴ പെരുക്കാപ്പള്ളി സ്വദേശി ഷിഹാബിനെ (34) കസ്റ്റഡിയിലെടുത്തു.

ചാക്കുകളിൽ 48 എണ്ണത്തിൽ അരിയും ശേഷിക്കുന്നവയിൽ ഗോതമ്പുമായിരുന്നു. പരിശോധന നടത്തിയ താലൂക്ക് സപ്ലൈ ഓഫീസർ സി.വി. അനിൽകുമാർ ചാക്കുകളിലുള്ളത് റേഷൻ ഭക്ഷ്യധാന്യം തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് കെട്ടിയാണ് ലോറിയിൽ കൊണ്ടുപോയത്. റേഷൻകടകളിൽ നിന്നോ എഫ്.സി.ഐയിൽ നിന്നോ സപ്ലൈകോ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ ചാക്കുകളോടെ കടത്തിയശേഷം ഏതെങ്കിലും കേന്ദ്രത്തിലെത്തിച്ച് പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിയതാകാമെന്ന് കരുതുന്നു. ചാമക്കടയിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് കാലടിയിലെ മില്ലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഡ്രൈവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. റേഷനരി പോളിഷ് ചെയ്ത് ജയ അരിയാക്കി മാറ്റി വിപണിയിൽ എത്തിക്കാനാണ് മില്ലിലേക്ക് കൊണ്ടുപോയതെന്നാണ് കരുതുന്നത്. എവിടെ നിന്നാണ് ചാമക്കടയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ എത്തിച്ചതെന്ന ചോദ്യത്തിന് ഡ്രൈവർ വ്യക്തമായ മറുപടി നൽകിയില്ല. ഡ്രൈവർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഉടമയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

ലോറിയിലുണ്ടായിരുന്ന സഹായി ചിങ്ങവനം സ്വദേശി ബാബു (അലക്സാണ്ടർ) പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എ.സി.പി എ. പ്രതീപ് കുമാർ പള്ളിത്തോട്ടം സ്റ്റേഷനിലെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. പള്ളിത്തോട്ടം സ്റ്റേഷനിലെ എസ്.ഐമാരായ രാജീവ്, പ്രദീപ്, ബൈജു, സിനീയർ സി.പി.ഒ ജയൻ, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോറി പിടികൂടിയത്.