കൊല്ലം: ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ മൃഗസംരക്ഷണ മേഖലയെ ആശ്രയിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച മുട്ടക്കോഴി വളർത്തൽ പരിശീലനവും ദൃശ്യ - ശ്രാവ്യ മാദ്ധ്യമോപാധികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് അടുക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ മുട്ട, കോഴി എന്നിവയിലും സമാന മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവഴി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വരുമാനം തിരികെ കൊണ്ടുവരാനാകും. മൃഗസംരക്ഷണ മേഖലയിലെ പരിശീലന പരിപാടികൾ വിപുലീകരിച്ച് മേഖലയിലേക്ക് പരമാവധി പേരെ കൊണ്ടുവരികയാണ് ലക്ഷ്യം. പരിശീലന കേന്ദ്രങ്ങളിലെല്ലാം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ പഠനകിറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡോളിമോൾ പി. ജോർജ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.കെ. തോമസ്, പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ഡി. നിഷ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. ബി. അജിത്ത് ബാബു, ഡോ. റോണി റേ ജോൺ എന്നിവർ ക്ലാസ് നയിച്ചു. ആർട്ടിസ്റ്റ് അഞ്ജന ഷിമോൺ വരച്ച മന്ത്രിയുടെ ഛായാചിത്രം ചടങ്ങിൽ മന്ത്രിക്ക് സമ്മാനിച്ചു.