കൊട്ടാരക്കര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈടെക് സ്വപ്നങ്ങൾക്ക് കരിനിഴലായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങി. ഹൈസ്കൂൾ വിഭാഗത്തിനായുള്ള ബഹുനില മന്ദിരം ഈ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഇനിയും ഏറെ വൈകുമെന്നാണറിയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.75 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിച്ചത്. ക്ളാസ് മുറികളിൽ ടൈൽസ് പാകുക, പെയിന്റിംഗ് ഫർണിച്ചറുകൾ സജ്ജീകരിക്കൽ എന്നിവ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എന്നാൽ നിർമ്മാണം തുടങ്ങിയ കെട്ടിടം പൂർത്തീകരിക്കുന്ന കാര്യത്തിലുള്ള ജാഗ്രതക്കുറവാണ് ആശങ്കയുണർത്തുന്നത്. തടസങ്ങൾ മാറ്റി സ്കൂൾ ഹൈടെക് ആക്കുന്നതിന് ഒന്നിച്ചുള്ള പ്രവർത്തനം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മുത്തശ്ശി വിദ്യാലയം
120 വർഷം പഴക്കമുള്ള പുത്തൂരിലെ ഈ മുത്തശ്ശി വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിലാണ്. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ ഉൾപ്പടെയുള്ള പ്രമുഖർക്ക് അക്ഷര വെളിച്ചം പകർന്നുകൊടുത്തതിന്റെ പാരമ്പര്യവും അവകാശപ്പെടുന്ന സ്കൂൾ ഒന്നരപ്പതിറ്റാണ്ട് മുൻപ് തീർത്തും ശോച്യാവസ്ഥയിലായിരുന്നു. സമീപത്തെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഉൾപ്പടെ പ്ളസ് ടു കോഴ്സ് അനുവദിച്ചിട്ടും സ്കൂളിനെ മാത്രം തഴഞ്ഞിരുന്നു. ഹൈക്കോടതിയിൽ കേസ് നടത്തിയാണ് ഇവിടേക്ക് പ്ളസ് ടു കോഴ്സ് അനുവദിപ്പിച്ചത്. ആർ. ശങ്കറിന്റെ ജന്മശതാബ്ദി വർഷത്തിൽ എ.കെ. ആന്റണിയുടെ എം.പി ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് നിർമ്മിച്ച കെട്ടിടത്തിലാണ് ഹയർ സെക്കൻഡറി ബ്ളോക്ക് പ്രവർത്തിക്കുന്നത്. എന്നാൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പഴയ ഓടിട്ട കെട്ടിടങ്ങൾ തന്നെയാണ് ശരണം.
2.75 കോടി രൂപ ഉപയോഗിച്ചാണ് 3 നിലകളുള്ള കെട്ടിടം നിർമ്മിച്ചത്
10ലക്ഷം രൂപ ചെലവിൽ സ്കൂളിന് പ്രവേശന കവാടം നിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
120 വർഷം മുമ്പാണ് സ്കൂൾ നിർമ്മിച്ചത്
ഇനി അവശേഷിക്കുന്ന പണികൾ
ക്ളാസ് മുറികളിൽ ടൈൽസ് പാകൽ
കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കൽ
കെട്ടിടത്തിന്റെ സൗന്ദര്യവൽക്കരണം
ഫർണിച്ചറുകൾ സജ്ജീകരിക്കൽ
3 കോടി രൂപയുടെ മറ്റൊരു കെട്ടിടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച മൂന്ന് കോടി രൂപയുടെ കെട്ടിടവും ഉടൻ നിർമ്മാണം തുടങ്ങും. ഇതിന്റെ മാസ്റ്റർ പ്ളാനിന് അംഗീകാരമായിട്ടുണ്ട്. കിട്കോയ്ക്കാണ് നിർമ്മാണ ചുമതല. ഈ കെട്ടിടം കൂടി എത്തുന്നതോടെ സ്കൂളിന്റെ സ്ഥലപരിമിതിക്ക് പരിഹാരമാകും. എന്നാൽ ഇതിന്റെ നിർമ്മാണ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഒാട്ടിസം സെന്റർ
സ്കൂൾ വളപ്പിൽ ഓട്ടിസം സെന്ററും പ്രവർത്തിക്കുന്നുണ്ട്. 25 കുട്ടികളാണ് ഇവിടെയുള്ളത്. പരിമിതികൾ ഏറെയുണ്ടെങ്കിലും മെച്ചപ്പെട്ട പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ടീമിന്റെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിന്റെ ചുവരുകളിൽ ചിത്രമെഴുതി ശ്രേഷ്ഠബാല്യം പദ്ധതിയിലെ വികസന പദ്ധതികളും സമർപ്പിച്ചിരുന്നു.