waste
അയത്തിൽ ജംഗ്ഷനിൽ കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് എതിർവശം മാലിന്യം കുന്നുകൂടി കിടക്കുന്നു

ഇരവിപുരം: പൊതുസ്ഥലങ്ങളിലും റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന അധികൃതരുടെ വാക്ക് പാഴ്‌വാക്കായി മാറുന്നു. കൊല്ലം - കണ്ണനല്ലൂർ പാതയിൽ അയത്തിൽ ജംഗ്ഷനിലെ കണ്ണനല്ലൂർ ബസ് സ്റ്റോപ്പിന്റെ എതിർവശത്ത് മാലിന്യം കുന്നുകൂടുകയാണ്. ഇതിൽ നിന്നുയരുന്ന ദുർഗന്ധവും പ്രാണികളും മൂലം ബസ് സ്റ്റോപ്പിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുമിഞ്ഞുകൂടിയതോടെ തെരുവ്നായ്‌ക്കളുടെ ശല്യവും വഴിയാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം സുരക്ഷിത കൊല്ലം പദ്ധതി നടപ്പിലാക്കുമ്പോൾ തന്നെയാണ് അയത്തിൽ പാലത്തിനടുത്ത് ദിവസേന മാലിന്യം കൂന്നുകൂടുന്നത്. അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്നും നിക്ഷേപകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് മൈനോറിറ്റി സെൽ വൈസ് ചെയർമാൻ അയത്തിൽ നിസാം ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റിയും തീരുമാനിച്ചിട്ടുണ്ട്.