c
സംസ്കാരയുടെ ആഭിമുഖ്യത്തിൽ നടന്ന കൊട്ടാരക്കര ശ്രീധരൻ നായർ അനുസ്മരണ സമ്മേളനം ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ഐഷാ പോറ്റി എം.എൽ.എ, ഗ്ലോബൽ ഫിലിംസ് ഉടമ അഡ്വ. കെ. അനിൽകുമാർ, പ്രൊഫ. പി.എൻ. ഗംഗാധരൻ നായർ എന്നിവർ സമീപം

കൊട്ടാരക്കര: അതുല്യ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ സ്മരണ നിലനിറുത്താനായി എല്ലാ കലകളുടെയും പ്രകാശ കേന്ദ്രമായി പറയാവുന്ന ഒരു കൂത്തമ്പലം സ്ഥാപിക്കണമെന്ന് പ്രമുഖ ചലച്ചിത്രകാരനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ പറഞ്ഞു. കൊട്ടാരക്കര ശ്രീധരൻ നായരുടെ 33 - ാം ചരമവാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തമ്പലം സ്ഥാപിക്കുന്നതിന് കച്ചേരി മുക്കിലെ നിയുക്ത എക്സൈസ് സമുച്ചയത്തിനായി തീരുമാനിച്ചിട്ടുള്ള സ്ഥലത്തിൽ കുറച്ച് ഭാഗം അനുവദിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറുമായ അഡ്വ. അമ്പലക്കര അനിൽ പറഞ്ഞു. കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി. എൻ. ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത കലാകാരന്മാരായ വെട്ടിക്കവല ശശികുമാർ , കെ.പി.എ.സി ലീലാകൃഷ്ണൻ, നോവലിസ്റ്റ് കെ. വാസുദേവൻ, നർത്തകി ഗീതാഞ്ജലി എന്നിവരെയും സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച കലാ പ്രതിഭകളെയും ആദരിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, അഡ്വ. ആർ. കൃഷ്ണകുമാർ, ജി. കലാധരൻ, മുട്ടറ ഉദയഭാനു എന്നിവർ സംസാരിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ ഡി. രാമകൃഷ്ണ പിള്ള, കൗൺസിലർമാരായ സി. മുകേഷ്, അഡ്വ. കെ. ഉണ്ണിക്കൃഷ്ണമേനോൻ, കാർത്തിക വി. നാഥ്‌, കൃഷ്ണൻകുട്ടി നായർ, കഥകളി നടി കൊട്ടാരക്കര ഗംഗ, ഡോക്യുമെന്ററി നിർമ്മാതാവ് മാധവ് സുകുമാർ എന്നിവരും സംസാരിച്ചു.