photo
തടയണ പരിശോധിക്കാൻ എത്തിയ ഉന്നതല സംഘത്തോട് ആർ.രാമചന്ദ്രൻ എം.എൽ.എ കാര്യങ്ങൾ ചോദിച്ചറിയുന്നു.

കരുനാഗപ്പള്ളി : പള്ളിക്കലാറിലെ തടയണയുമായി ബന്ധപ്പെട്ട് കർഷകർ നൽകിയ പരാതികൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷൻ ചീഫ് എൻജിനിയർ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ തടയണ സന്ദർശിച്ചു. രാവിലെ 9.30ന് പള്ളിക്കലാറിന് കുറുകേ നിർമ്മിച്ച തടയണയുടെ സമീപത്ത് സംഘം ഒരു മണിക്കൂറോളം പരിശോധന നടത്തി. കർഷകർ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് സംഘത്തിന് ബോദ്ധ്യമായി. പരിശോധനയ്ക്ക് ശേഷം സംഘം ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ഓഫീസിൽ എത്തി യോഗം കൂടി. നിലവിലുള്ള തടയണയ്ക്ക് വടക്ക് ഭാഗത്ത് കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി വിടുന്നതിന് തടയണയുടെ ഇരുവശങ്ങളിലും ബൈപ്പാസ് കനാൽ അടിയന്തരമായി നിർമ്മിക്കാൻ യോഗം തീരുമാനിച്ചു. ബൈപ്പാസ് കനാൽ നിർമ്മിക്കുന്നതോടെ ടി.എ കനാലിൽ നിന്നും വെള്ളം പള്ളിക്കലാർ വഴി ഒഴുകിപ്പോകും. ഇതോടെ പുഞ്ചയിൽ കൃഷി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കാൻ കഴിയുമെന്ന് ചീഫ് എൻജിനിയർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ഡോ ഉദയകുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഹരിതകേരളാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഐസക്, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, അഡ്വ: ആർ അമ്പിളികുട്ടൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബൈപ്പാസ് കനാലുകൾ നിർമ്മിക്കും

തടയണയ്ക്ക് മുകളിൽ നിന്നും അഞ്ച് മീറ്റർ താഴ്ചയിലാകും ബൈപ്പാസ് കനാലുകൾ നിർമ്മിക്കുക. ഇതുവഴി വെള്ളം തടയണയ്ക്ക് താഴേക്ക് ഒഴുക്കി വിടും. 1.5 മുതൽ രണ്ട് മീറ്റർ വരെ വീതിയിലാകും കനാലുകൾ നിർമിക്കുന്നത് . ഇത് ഫലപ്രദമാണെങ്കിൽ ഷട്ടറുകൾ സ്ഥാപിച്ച് കനാലുകൾ നിലനിറുത്തും. അല്ലെങ്കിൽ തടയണയുടെ മദ്ധ്യഭാഗത്തെ കോൺക്രീറ്റ് നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടുന്നതിനെക്കുറിച്ച് ആലോചിക്കും. ഒരാഴ്ചക്കകം കനാലുകൾ പൂർത്തിയാക്കാനും നിർദേശം നൽകി. തഴവ വട്ടക്കായലിലേക്കും ചുരുളി പാടശേഖരത്തിലേക്കും അധികമായി വെള്ളം ഒഴുകിയെത്തുന്നത് തടയാൻ പാവുമ്പ പാലത്തിന് സമീപം താൽക്കാലിക തടയണയുണ്ടാക്കാമും തീരുമാനിച്ചു. കൂടാതെ പാടശേഖരങ്ങളുടെ ബണ്ടുകൾ ശക്തിപ്പെടുത്തി ഉയരം വർദ്ധിപ്പിക്കുകയും ചെയ്യും.