കൊട്ടാരക്കര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിലുള്ള വെള്ളക്കെട്ട് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു. പുത്തൂർ - ഞാങ്കടവ് റോഡിൽ നിന്ന് കണിയാപൊയ്ക ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അരികിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രദേശത്തെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന മികച്ച നിലവാരം പുലർത്തുന്ന സ്കൂളാണ് പൂത്തൂരിലേത്. സ്കൂളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തായാണ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ പെറ്റി വർക്കിൽ ഉൾപ്പെടുത്തി നിസാരമായി ഇവിടെ അറ്റകുറ്റപ്പണി നടത്താവുന്നതാണ്. ക്ഷേത്രത്തിലേക്കുള്ള റോഡ് ആയതിനാൽ ഭക്തജനങ്ങൾക്കും റോഡ് ദുരിതം വിതയ്ക്കുകയാണ്. ഇവിടെത്തന്നെയാണ് ആർട്ട് ഒഫ് ലിവിംഗിന്റെ ജ്ഞാനക്ഷേത്രവും.
വെള്ളക്കെട്ട് ഒഴിവാക്കണം
മൂവായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന പുത്തൂർ മേഖലയിലെ പ്രധാന വിദ്യാലയമാണ് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിന്റെ കെട്ടിട നിർമ്മാണം പാതിവഴിയിൽ മുടങ്ങി നിൽക്കുകയാണ്. ഇതിനിടയിലാണ് സ്കൂളിലേക്കുള്ള വഴിയുടെ ദുരിതാവസ്ഥയും. അടിയന്തരമായി റോഡിലെ കുഴിയടച്ച് വെള്ളക്കെട്ട് ഒഴിവാക്കണം.
സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ
വിദ്യാർത്ഥികളുടെ നടപ്പ് ചെളിവെള്ളത്തിലൂടെ
ചെളിവെള്ളത്തിൽക്കൂടിയാണ് വിദ്യാർത്ഥികൾ കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ എത്തുമ്പോൾ കാൽനട യാത്രികർക്ക് ഒഴിഞ്ഞ് മാറാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. വാഹനങ്ങൾ വേഗതയിൽ കടന്നു പോകുമ്പോൾ ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നതും യൂണിഫോം നനഞ്ഞ് ക്ളാസ് മുറിയിൽ ഇരിക്കേണ്ടി വരുന്നതും പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
വിവിധ പരിപാടികൾക്കായി മാസത്തിൽ കുറഞ്ഞത് നാല് തവണയെങ്കിലും ജനപ്രതിനിധികൾ സ്കൂളിലെത്താറുണ്ട്. എന്നാൽ സ്കൂളിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരു ജനപ്രതിനിധികളും മുൻകൈ എടുക്കുന്നില്ല
പ്രദേശവാസികൾ