pallimukku-seminar
കേരളകൗമുദിയും വ്യാപാരി വ്യസായി ഏകോപന സമിതിയും സംയുക്തമായി പള്ളിമുക്ക്, സ്വപ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ്‌ കോളേജിൽ സംഘടിപ്പിച്ച വികസന സെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ്, കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ, എ. അൻസാരി മജീദിയ, വാർഡ് കൗൺസിലർ എൻ. സഹൃദയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറി എ. ഷാനവാസ്, കോളേജ് പ്രിൻപിപ്പൽ ഡോ. എൻ. അനിത തുടങ്ങിയവർ സമീപം

കൊല്ലം: പള്ളിമുക്കിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് എം. നൗഷാദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരളകൗമുദിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച പള്ളിമുക്ക് വികസന സെമിനാ‌ർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും ചർച്ച ചെയ്യുമ്പോഴും പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകണം. വികസനം വരണം. പക്ഷെ അത് തങ്ങൾക്കുള്ളതൊന്നും നഷ്ടമാക്കിയാകരുതെന്നാണ് എല്ലാവരുടെയും നിലപാട്. ഈ മനസ്ഥിതി മാറണം. റോഡുകൾ ഗതാഗതത്തിനും നടപ്പാതകൾ കാൽനടയ്ക്കും തന്നെ ഉപയോഗിക്കാൻ കഴിയണം. പള്ളിമുക്ക് വികസനത്തിനുള്ള മാസ്റ്രർ പ്ലാൻ കൂട്ടായി തയ്യാറാക്കിയാൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾക്ക് താൻ മുൻപന്തിയിൽ ഉണ്ടാകുമെന്നും നൗഷാദ് പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ. യൂനുസ്‌കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ എൻ. സഹൃദയൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പള്ളിമുക്ക് യൂണിറ്റ് ജന. സെക്രട്ടറി എ. ഷാനവാസ്, കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ, ഫാത്തിമ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ. അനിത തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്റ് എ. അൻസാരി മജീദിയ സ്വാഗതവും കേരളകൗമുദി കൊട്ടിയം ലേഖകൻ പട്ടത്താനം സുനിൽ നന്ദിയും പറഞ്ഞു.

 നഗരങ്ങളെ നാശത്തിലേക്ക് നയിക്കുന്ന വികസനമാകരുത്: എ. യൂനുസ്‌കുഞ്ഞ്

പള്ളിമുക്കിന്റെ നിലവിലെ ഘടനയെ നശിപ്പിക്കുന്ന ഉൾക്കാഴ്ചയില്ലാത്ത വികസനം ഒരിക്കലും നടപ്പാക്കരുതെന്ന് മുൻ എം.എൽ.എ യൂനുസ്‌കുഞ്ഞ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഒരു മേല്പാലം വന്നതോടെ ചിന്നക്കട രണ്ടായി. ഇത്തരത്തിൽ നഗരങ്ങളെ നശിപ്പിക്കുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കരുത്. ചിന്നക്കടയിൽ ഇനി വികസനത്തിനുള്ള സാദ്ധ്യത വളരെ കുറവാണ്. അവിടെ നിന്ന് കളക്ടറേറ്റ് വരെയും വികസനത്തിന് ഇടമില്ല. കൊട്ടിയം മുതൽ പള്ളിമുക്ക് വരെയാണ് ഇനി വലിയ സാദ്ധ്യതകളുള്ള മേഖലയെന്നും യൂനുസ്‌കുഞ്ഞ് പറഞ്ഞു.

 റോഡ് വികസിപ്പിക്കണം

ഷെരീഫ് (വ്യാപാരി)

പള്ളിമുക്കിലെയും പരിസരത്തെയും ഗതാഗത പ്രശ്നം പരിഹരിക്കാൻ പഴയാറ്റിൻകുഴി മുതൽ വെണ്ടർമുക്ക് വരെ സ്ഥലമേറ്റെടുക്കണം. റോഡിന് നടുവിൽ ഡിവൈഡർ നിർമ്മിച്ച് സിഗ്നൽ സ്ഥാപിക്കണം. മാലിന്യം സംഭരിച്ച് സംസ്കരിക്കാൻ സംവിധാനം വേണം. യാത്രക്കാർക്ക് വിശ്രമിക്കാൻ അമിനിറ്റി സെന്റർ വേണം. കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പള്ളിമുക്കിൽ ഫെയർ സ്റ്റേജ് അനുവദിക്കണം.

 വികസന രേഖ തയ്യാറാക്കണം

അബ്ദുൾ മജീദ് (വ്യാപാരി)

പള്ളിമുക്കിന്റെ വികസനത്തിന് പ്രത്യേക വികസനരേഖ തയ്യാറാക്കണം. റോഡ് വികസിപ്പിക്കാതെ പള്ളിമുക്കിലെ ഗതാഗത പ്രശ്നം പരിഹരിക്കാനാകില്ല.

 കൂട്ടായ പരിശ്രമം വേണം

ജോൺ വർഗ്ഗീസ് (മനുഷ്യാവകാശ സംരക്ഷണ സമിതി)

പള്ളിമുക്കിന്റെ വികസനത്തിന് കൂട്ടായ പരിശ്രമം വേണം. പള്ളിമുക്കിലെ ഗതാഗതപ്രശ്നം, പാർക്കിംഗ് സൗകര്യത്തിന്റെ അപര്യാപ്തത എന്നിവയാണ് അടിസ്ഥാനപരമായി പരിഹരിക്കേണ്ടത്.

 കേരളകൗമുദിയുടെ ഇടപെടൽ ശ്ലാഘനീയം

ഷിബു റാവുത്തർ (മനുഷ്യാവകാശ സംരക്ഷണ സമിതി)

പള്ളിമുക്കിലെ അടിസ്ഥാന പ്രശ്നങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിൽ കേരളകൗമുദി നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ്. അയത്തിൽ ജംഗ്ഷനിലും അടുത്തിടെ വരെ ഗതാഗത സ്തംഭനം ഉണ്ടായിരുന്നു. ഇത് പരിഹരിച്ച മാതൃക പള്ളിമുക്കിലും സ്വീകരിക്കണം.