sachu
ചിരട്ടയിൽ പൂവ് നിർമ്മിക്കുന്ന എസ്. സച്ചു, ജി.എച്ച്.എസ്.എസ് പൂതക്കുളം

കൊല്ലം: ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ നടന്ന പ്രവൃത്തിപരിചയ മേളയിൽ വിദ്യാർത്ഥികളുടെ പ്രതിഭത്തിളക്കം.

ക്ളാസ് മുറിയിലെ ബ്ളാക്ക് ബോർഡിൽ അദ്ധ്യാപകർ വർണ്ണചോക്കുകൾ കൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്യുന്നത് കൗതുകത്തോടെ കണ്ടിരുന്ന കുട്ടികൾ, സ്വന്തം കരവിരുതിൽ വർണ ചോക്കുകൾ നിർമ്മിക്കുന്നതിന് ജില്ലാ ശാസ്ത്ര മേള വേദിയായി. പ്ലാസ്റ്റർ ഒഫ് പാരീസും വെള്ളവും നിറക്കൂട്ടുമാണ് ഇതിനായി ഉപയോഗിച്ചത്. മത്സരത്തിൽ ചോക്കുനിർമ്മാണം പൂർത്തിയാക്കാൻ മൂന്നു മണിക്കൂറാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി എസ്.അമൃത, ചാത്തന്നൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ബി. നെരൂദ ലക്ഷ്മി, ചെറിയവെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി എ.എസ് ആവണി തുടങ്ങിയവർ മികവ് തെളിയിച്ചു.

# # # #

കുഞ്ഞു കൈകളിൽ ശില്പങ്ങൾ

ശില്പനിർമ്മാണമായിരുന്നു മറ്റൊരു മത്സര ഇനം. പ്ളാസ്റ്റർ ഒഫ് പാരിസിൽ ശ്രീകൃഷ്ണൻ, യേശുക്രിസ്തു, പൂക്കൾ, ഗണപതി ഉൾപ്പെടെ നിരവധി രൂപങ്ങൾ പിറന്നു. ചിലർ അക്രിലിക്ക് പെയിന്റുപയോഗിച്ച് വർണം നൽകി. എച്ച്.എസ് വിഭാഗത്തിലും എച്ച്.എസ്.എസ് വിഭാഗത്തിലുമായിരുന്നു മികവാർന്ന മത്സരം. ക്ലേ മോഡലിംഗിൽ ചെളിയിൽ മനോഹരമായ ആൾ രൂപങ്ങളും ആനകളുമായിരുന്നു വിഷയം. ഫാബ്രിക് പെയിന്റിംഗിൽ അത് നർത്തകിയുടെ രൂപമായിരുന്നു. പല വർണങ്ങളിൽ ഒരേ രൂപത്തിൽ സ്വന്തം ശൈലിയിൽ ഓരോന്നും മത്സരാർത്ഥികൾ പൂർത്തിയാക്കി. മരത്തിലെ കൊത്തുപണിയിൽ പുഷ്പങ്ങളും അരയന്നങ്ങളുമായിരുന്നു വിഷയം. ചിരട്ടകൊണ്ടും കുട്ടികൾ പൂവുണ്ടാക്കി. വല നിർമ്മാണം, മരപ്പണികൾ, കയർ ചവിട്ടികളുടെ നിർമ്മാണം എന്നിവയും കുട്ടികൾക്ക് വഴങ്ങി.