കൊല്ലം: പാഴ്‌വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക്കിൽ നിന്നും വ്യത്യസ്തവും ഉപയോഗ പ്രദവുമായ രൂപങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികൾ ജില്ലാ ശാസ്ത്രോസവത്തിൽ ശ്രദ്ധേയരായി. ഡിസ്പോസബിൾ പ്ലേറ്റുകളും ഗ്ലാസുകളും, പൊട്ടിയ ടയറും, പ്ലാസ്റ്രിക്ക് ഗ്ലാസുകളുമെല്ലാം പുതിയ രൂപത്തിലും ഭാവത്തിലും നിർമ്മിച്ച് കുട്ടികൾ മാതൃകയായി.
അഞ്ചൽ ഈസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി പ്രധാനമായും പ്ലാസ്റ്റിക്കാണ് തന്റെ രൂപങ്ങൾ നിർമ്മിക്കാനുപയോഗിച്ചത്. സെന്റ് ജോസഫ് കോൺവന്റ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൻമേരി ആൻഡ്രൂ പഴയ തുണികളാണ് തിരഞ്ഞെടുത്തത്. പ്ലാസ്റ്റിക്ക് ഗ്ലാസ്, ഡിസ്പോസബിൾ പ്ലേറ്റ് എന്നിവ കൊണ്ട് അലങ്കാര വസ്തുക്കൾ നിർമ്മിച്ചപ്പോൾ പാഴ്‌തുണികളിൽ നിന്ന് ചെരുപ്പ്, ബാഗ്, കസേര തുടങ്ങിയവയാണ് രൂപം കൊണ്ടത്. പഴയ ജീൻസിനും പുതുജീവൻ നൽകി വിവിധ രൂപങ്ങളാക്കി. വെറുതെ പൊട്ടിച്ചു കളയുന്ന ചില്ലുകുപ്പികളിൽ വർണങ്ങൾ വിരിയിച്ചും വ്യത്യസ്തത പുലർത്തി കുട്ടികൾ.