കൊട്ടാരക്കര : കോയിക്കൽ ചന്ത സ്വദേശി ബെൻസനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ പ്രതികളായ തൊടിയൂർ വടക്കു ചേലക്കോട്ടുകുളങ്ങര വാലയിൽ വീട്ടിൽ മധുസൂദനൻ (47) , ആദിനാട് വടക്കു കുളിക്കാമഠം കൃഷ്ണസദനത്തിൽ മനോജ് (35 ) എന്നിവരെ ശൂരനാട് പൊലീസ് പിടികൂടി. ബെൻസന്റെ പിതാവ് ഓടിക്കുന്ന ഓട്ടോറിക്ഷ കരുനാഗപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒന്നാം പ്രതിയുടെ മകളുടെ ദേഹത്ത് തട്ടി. തുടർന്ന് ബെൻസന്റെ വീട്ടിലെത്തിയ പ്രതികൾ വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം പ്രതികൾ സംഘം ചേർന്ന് ബെൻസന്റെ വീട്ടിലെത്തി ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ബെൻസനെ കമ്പിവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അടിപിടിയിൽ ഇയാളുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇതിനു ശേഷം കടന്നു കളഞ്ഞ പ്രതികളെയാണ് ശൂരനാട് പൊലീസ് പിടികൂടിയത്.