al
കുട്ടികൾക്കായുള്ള ആകാശവാണിയുടെ

പുത്തൂർ: നാടൻപാട്ട് അവതരണ ഗാനമാക്കി കുരുന്നുകൾ ആകാശവാണിയുടെ "ഞാറ്റുവേല '" കാർഷിക പ്രോഗ്രാമിന് തുടക്കമിട്ടു. കേരളത്തിലെ മൺമറഞ്ഞുകൊണ്ടിരിക്കുന്ന കൃഷി പഴഞ്ചൊല്ലുകൾ കോർത്തിണക്കിയുള്ള നാടൻ പാട്ടുകളും കൊയ്ത്തുപാട്ടുകളും ഞാറ്റടിപ്പാട്ടുകളും കർഷക പ്രതിജ്ഞയും " ഞാറ്റുവേല"യ്ക്ക് മാറ്റുകൂട്ടി. മാവടി ഗവ.എൽ.പി.എസിന്റെ ആഭിമുഖ്യത്തിലാണ് ആകാശവാണിയുടെയും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെയും കലാകാരൻമാർ കുട്ടിക്കർഷകരുടെ പരിപാടികൾ പകർത്താനെത്തിയത്. ജനപ്രീതി നേടിയ കാർഷിക പരിപാടിയായ ഞാറ്റുവേലയുടെ റെക്കോർഡിംഗിൽ കുട്ടികളോടൊപ്പം ജനപ്രതിനിധികളും മുതിർന്ന കർഷകരും അദ്ധ്യാപകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അണിനിരന്നു. കുട്ടിക്കർഷകർ വീട്ടിലെ പച്ചക്കറിക്കൃഷിയെ കുറിച്ച് വിവരിച്ചു. മുതിർന്ന കർഷകരും രക്ഷാകർത്താക്കളും കൃഷിയുടെ അനുഭവപാഠങ്ങൾ പങ്കുവച്ചു. ഇരുപതോളം കുരുന്നുകളാണ് പരിപാടികൾ അവതരിപ്പിച്ചത്. പ്രഥമാദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ നായരുടെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. കുളക്കട പഞ്ചായത്തിലെ മികച്ച കർഷകരുമായുള്ള സംവാദവും നടന്നു. പരിപാടികളിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി , വാർഡംഗം ജെ. ലീലാവതിഅമ്മ, പ്രഥമാദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ നായർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ബീന, സ്റ്റാഫ് സെക്രട്ടറി എൻ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.