കൊല്ലം: വ്യാഴാഴ്ച രാത്രി കൊല്ലം ബീച്ചിൽ കാൽ നനയ്‌ക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് തീരത്തടിഞ്ഞു.അനൂപ് ഡ്രൈവറാണ് കരിക്കോട്, പേരൂർ മേലൂട്ട് കാവിന് സമീപം അനൂപ് ഭവനിൽ ബാബുവിന്റെ മകൻ അനൂപാണ് (22) മരിച്ചത്.
രാത്രി പത്തരയോടെയാണ് തിരയിൽപ്പെട്ടത്. ഡ്രൈവറായ അനൂപ് സുഹൃത്തിന്റെ മകന്റെ നൂലുകെട്ട് കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് 6.30ന് വീട്ടിൽ മടങ്ങിയെത്തിയിരുന്നു. വിജയ് ഫാൻസ് പ്രവർത്തകനായ അനൂപും കൂട്ടുകാരും ഇന്നലെ റിലീസ് ചെയ്ത വിജയ് ചിത്രത്തിന്റെ പുലർച്ചെയുള്ള ആദ്യ ഷോ കാണാൻ തീരുമാനിച്ചിരുന്നു. വീട്ടിൽ കിടന്നാൽ സമയത്ത് ഉണരാൻ കഴിയില്ലെന്ന് കരുതി സുഹൃത്തുക്കളായ പ്രവീൺ, സാബു എന്നിവർക്കൊപ്പം വ്യാഴാഴ്ച രാത്രി ബീച്ചിലെത്തി. മണൽപ്പരപ്പിൽ സംസാരിച്ചിരിക്കുന്നതിനിടെ കാൽ നനയ്ക്കാൻ കടലിലേക്കിറങ്ങിയ അനൂപ് തിരയിൽപ്പെടുകയായിരുന്നു. ഉടൻ പ്രവീണും സാബുവും കൊല്ലം ഈസ്‌റ്ര് പൊലീസിനെ വിവരം അറിയിച്ചു. ഈ സമയം വിരലിലെണ്ണാവുന്നവർ മാത്രമേ ബീച്ചിലുണ്ടായിരുന്നുള്ളു. മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ കോസ്‌റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും സംയുക്തമായി തെരച്ചിൽ തുടരുന്നതിനിടെ വൈകിട്ട് 5.40 ഓടെയാണ് മൃതദേഹം കൊല്ലം ബീച്ചിൽ അടിഞ്ഞത്.
. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ ഷീല. സഹോദരൻ പ്രദീപ്.
ബീച്ചിൽ വടംകെട്ടി നിയന്ത്രണം
അപകടത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ നിർദ്ദേശ പ്രകാരം ബീച്ചിലെ സിമന്റ് തിട്ടയിൽ നിന്ന് 12 മീറ്റർ അകലെ തീരത്ത് വടംകെട്ടി സന്ദർശകർ കടലിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.