പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയെ ജനറൽ ആശുപ്രതിയായി ഉയർത്തുന്നതിനും, കൂടുതൽ ഡോക്ടർമാരെയും, നെഴ്സ്മാരെയും, മറ്റ് ഇതര വിഭാഗം ജിവനക്കാരെയും നിയമിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി. 144 കിടക്കകളുളള ആശുപത്രിയിൽ അവയുടെ എണ്ണം 300 ആയി വർദ്ധിപ്പിക്കുന്ന തരത്തിലുളള കെട്ടിടത്തിൻെറ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നിർമ്മാണ ജോലികൾ ഡിസംബറിൽ പൂർത്തിയാക്കുമെങ്കിലും പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടുന്ന വിധം ചികിത്സ സൗകര്യത്തിനുളള ഇതര നടപടികൾ ഇത് വരെയും ആരംഭിച്ചിട്ടില്ല.ഡയാലിസസിന് വിപുലമായ സൗകര്യമുളള താലൂക്ക് ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറും, ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികൾക്ക് ഡയാലിസിസിന് കഴിയുന്നില്ല. സ്പെഷ്യാലിറ്റി ചികിത്സകൾക്കായി മലയോരവാസികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്താൻ നൂറ് കിലോമീറ്ററിൽ അധികം യാത്ര ചെയ്യേണ്ട സാഹചര്യമാണ്.ഇതിന് പരിഹാരം പുനലൂർ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുക എന്നുളളതാണ്.