village-1
തഴുത്തല വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കൊട്ടിയം: അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴുത്തല വില്ലേജ് ഓഫീസ് ഉപരോധിച്ചു. വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

തഴുത്തല വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനം വലയുകയാണെന്നും നിലവിൽ ഓഫീസിന്റെ ചാർജ്ജുള്ള പള്ളിമൺ വില്ലേജ് ഓഫീസറുടെ സേവനം ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഡേറ്റാ എൻട്രി ജോലികൾ നടക്കാത്തതിനാൽ ഭൂനികുതി ഒടുക്കി രസീത് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തൃക്കോവിൽവട്ടം വില്ലേജ് ഓഫീസർ ചാർജെടുത്തെങ്കിലും ദിവസങ്ങൾക്ക് ശേഷം ഉത്തരവാദിത്തം വച്ചൊഴിഞ്ഞെന്നും സമരക്കാർ പറഞ്ഞു.

കൊട്ടിയം എസ്.ഐ തൃദീപ് ചന്ദ്രൻ, എസ്.ഐ ഷഹാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഇവർ പിരിഞ്ഞുപോകാൻ തയ്യാറാകാത്തതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. പീന്നിട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഉപരോധ സമരം യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി ഷെഫീക്ക് ചെന്താപ്പൂര് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജ്യോതിഷ് മുഖത്തല, കൊട്ടിയം ഫസിൽ, പ്രദീപ് മാത്യു, ഷാജഹാൻ, ജറിൻ ജേക്കബ്, ജസ്ബിൻ, സജീവ് ഖാൻ, താഴത്തുവിള സജീവ്, അമൽ ലാൽ, സെബാസ്റ്റ്യൻ, ഷെമീർ, ഇനാബ് തുടങ്ങിയവർ നേതൃത്വം നൽകി.