പത്തനാപുരം: പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലിമുക്ക് പൂവണ്ണുംമൂട്ടിൽ ബംഗ്ലാവ് മുരുപ്പേൽ നെല്ലിക്കാട്ടിൽ വീട്ടിൽ മഹേഷാണ്(30) അലിമുക്കിൽ നിന്നും പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനി ചില ദിവസങ്ങളിൽ ക്ലാസിൽ വരാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യവേയാണ് ഇയാൾക്കൊപ്പം പല ദിവസങ്ങളിലും പല സ്ഥലങ്ങളിലായി പോയിരുന്നതായും മൊബൈൽ ഫോൺ സമ്മാനിച്ചതായും അറിയുന്നത്. സ്‌കൂൾ അധികൃതരും വീട്ടുകാരും നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ് പ്രതി. പുനലൂർ നഗരസഭയുടെ വാഹനത്തിൽ താൽക്കാലിക ഡ്രൈവറാണ് മഹേഷ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.