പുത്തൂർ : താഴത്തുകുളക്കട തിരു അമീൻ കുന്നത്ത് ദേവീ ക്ഷേത്രമൈതാനിയിൽ നടന്ന കന്നുകാലി പ്രദർശനം ശ്രദ്ധേയമായി. ജില്ലാ ക്ഷീരകർഷക സംഗമത്തിന് മുന്നോടിയായാണ് കന്നുകാലിപ്രദർശനം നടന്നത്. നാടൻ ഇനങ്ങളായ ഗീർ, സഹിവാൾ, വെച്ചൂർ, കപില, കാസർഗോഡ് ഡാർഫ് എന്നിവ പ്രദർശനത്തിന് മാറ്റുകൂട്ടി. കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ് കന്നുകാലി പ്രദർശനം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെ. ലീലാവതിഅമ്മ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ക്ഷീരവികസന ഓഫീസർ അനു ആർ. ബാബു സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ നിഷ ബി.എസ്. ഉരുക്കളുടെ മൂല്യ നിർണയം നടത്തി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. നിസാമിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ വന്ധ്യതാ നിവാരണ ക്യാമ്പും നടന്നു. ക്ഷീര സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ 100-ഓളം പേർ പങ്കെടുത്തു. തുടർന്ന് നടന്ന സംരംഭകത്വ ശില്പശാല കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മാത്തുക്കുട്ടി അദ്ധ്യക്ഷയായി.