കുണ്ടറ: അന്തർസംസ്ഥാന മോഷ്ടാവ് ഡൽഹി സ്വദേശി സത്യദേവിനെ പൊലീസ് സംഘം കുണ്ടറയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുണ്ടറ മുക്കടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് സംഘം കുണ്ടറയുൾപ്പെടെ ജില്ലയിലെ ആറോളം സ്ഥലങ്ങളിലായി മാലപൊട്ടിക്കൽ പരമ്പര നടത്തിയത്.
ആറുമുറിക്കടയിലും മുളവനയിലും പൊലീസ് സംഘം സത്യദേവുമായി എത്തി തെളിവെടുത്തു. മറ്റ് പ്രതികളുമായി ചേർന്ന് നടത്തിയ മാലകവർച്ച പ്രതി കുണ്ടറ എസ്.ഐ വിധ്യതിരാജിനോട് വിവരിച്ചു. സത്യദേവ് സ്കോർപ്പിയോ കാറിൽ പിന്തുടരുമ്പോൾ സംഘാംഗങ്ങളാണ് ബൈക്കിൽ കറങ്ങി മാലകൾ കവർന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച സത്യദേവിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സായുധ പൊലീസിന്റെ സംരക്ഷണയിലാണ് തെളിവെടുപ്പ് നടത്തുന്നത്.